പാവങ്ങളുടെ മനസ്സ് കണ്ടു; അവര്‍ക്കായി നല്‍കിയത് നിരവധി പദ്ധതികള്‍

Posted on: April 9, 2019 8:27 pm | Last updated: April 9, 2019 at 8:49 pm

കെഎം മാണിയെന്ന രാഷ്ട്രീയ അതികായന്‍ ഓര്‍മയാകുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍കൈയോടെ നടപ്പാക്കപ്പെട്ട ക്ഷേമപദ്ധതികള്‍ പലതും സ്മരണകളില്‍ നിറയും. മന്ത്രി പദവിയില്‍ റെക്കോര്‍ഡിട്ട അദ്ദേഹമാണ് ഇന്നത്തെ പല ക്ഷേമപദ്ധതികള്‍ക്കും തുടക്കം കുറിച്ചത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ കാരുണ്യ ഭാഗ്യക്കുറി വരെ നീളുന്ന നിരവധീ പദ്ധതികള്‍ ആ കൂട്ടത്തിലുണ്ട്. പാവപ്പെട്ടവരെ ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹം നടപ്പാക്കിയ പല ക്ഷേമ പദ്ധതികളും എന്നത് ശ്രദ്ധേയമാണ്.

കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവരെ സഹായിക്കാന്‍ റിവോള്‍ വിംഗ് ഫണ്ട്, ഗ്രീന്‍ ഹൗസ്, സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, അഗതികള്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി… ആ പട്ടിക അവസാനിക്കുന്നില്ല. കെഎം മാണി ജലസേചന മന്ത്രിയായിരുന്ന കാലത്താണ് വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതി എന്നിവ നടപ്പാക്കപ്പെട്ടത്.

റെവന്യൂ വകുപ്പ് കൈകാര്യം ചെയ്‌പ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ ജനോപകാരപ്രദമായ പദ്ധതികളിലായിരുന്നു. ഓരോ കുടുംബത്തിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തുന്ന റവന്യൂ കാര്‍ഡുകള്‍ ഒരു താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന റവന്യൂ ടവറുകള്‍ രജിസ്‌ട്രേഷന്‍ സര്‍വേ വകുപ്പുകളുടെ ഏകോപനം, വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ സമയത്ത് ഭൂമിയുടെ സര്‍വേ സ്‌കെച്ചു കൂടി രേഖകള്‍ക്കൊപ്പം നല്‍കുന്ന ടോറന്‍സ് സമ്പ്രദായം, സാറ്റലൈറ്റ് നഗരം, ദുര്‍ബല വിഭാഗങ്ങള്‍ക്കായി ദശലക്ഷം പാര്‍പ്പിട പദ്ധതി, റവന്യൂ അദാലത്ത് തുടങ്ങിയവയുടെ ക്രെഡിറ്റ് കെഎം മാണിക്ക് സ്വന്തം.

കയര്‍,കശുവണ്ടി തൊഴിലാളികള്‍ക്ക് ക്ഷേമനിധി, സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് പെന്‍ഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ്, വികലാംഗര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നേരിട്ട് നിയമനം, അഗതികള്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും പെന്‍ഷന്‍, സൗജന്യ നിയമസഹായത്തിന് ലീഗല്‍ സര്‍വീസ് അതോറിറ്റി, സ്വയംസംരഭക മിഷന്‍, തുടങ്ങിയ പദ്ധതികളും അദ്ദേഹത്തീന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കപ്പെട്ടു.