Connect with us

Alappuzha

വെൽഫെയർ പാർട്ടിയുടെ പിന്തുണ ആവശ്യമില്ല: എം കെ മുനീർ

Published

|

Last Updated

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി സംഘടനയായ വെൽഫെയർ പാർട്ടിയുടെ പിന്തുണ ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി “ജനസമക്ഷം 2019″ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടിയോട് തങ്ങൾ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. എത്രയോ കാലമായി ജമാഅത്തെ ഇസ്‌ലാമി ഇടതു പക്ഷത്തിന് പിന്തുണ നൽകുന്നുണ്ട്. ലീഗിനെ വെൽഫെയർ പാർട്ടി പിന്തുണക്കുന്നുവെങ്കിൽ അത് അവരുടെ നിലപാട് മാത്രമാണ്. തീവ്ര നിലപാടുള്ള എസ് ഡി പി ഐയെ മുളയിലേ നുള്ളിക്കളയേണ്ടതായിരുന്നുവെന്ന ലീഗിന്റെ നിലപാടിൽ മാറ്റമില്ല. തീവ്ര സംഘടനയായ സിമിയുടെ രൂപാന്തരം മാത്രമാണ് എസ് ഡി പി ഐ. ഒരു ഹോട്ടലിൽ വച്ച് കൈപിടിച്ചു കുലുക്കിയാൽ കൊഴിഞ്ഞുപോകുന്നതല്ല ലീഗിന്റെ ആദർശം.

സംസ്ഥാന സർക്കാറിന്റെ ടൂറിസം വകുപ്പിന് കീഴിലുള്ള ഹോട്ടലിൽ രഹസ്യചർച്ച നടത്തിയെന്ന വാദം യുക്തിരഹിതമാണ്. ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമില്ലാത്ത ഇടതുപക്ഷം എങ്ങനെ ഫാസിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് മുനീർ ചോദിച്ചു. ഇന്ത്യയിലെ ഫാസിസത്തിന്റെ പ്രതീകമാണ് നരേന്ദ്ര മോദി. ഭരണഘടനയുടെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം ഭരിച്ചത്. വിശ്വാസവും സംസ്‌കാരവും മാത്രമല്ല ചിന്തയെ പോലും ചോദ്യം ചെയ്യപ്പെടുന്ന ഇടപെടലുകളായിരുന്നു ഈ കാലയളവിലുണ്ടായത്.

ആൾക്കൂട്ട കൊലപാതകം രാജ്യത്ത് പെരുകിയിട്ടും പ്രധാനമന്ത്രിയുടെ ഒരു പ്രതികരണം പോലും ഇല്ലായിരുന്നുവെന്നത് ഓർക്കേണ്ടതാണ്. ലക്ഷ്യബോധത്തോട് കൂടിയ പ്രകടന പത്രികയാണ് കോൺഗ്രസ് നേതൃത്വം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.