കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അന്തരിച്ചു

Posted on: April 9, 2019 10:56 am | Last updated: April 10, 2019 at 9:14 pm

കൊച്ചി: ആറ് പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.57നായിരുന്നു അന്ത്യം. ശ്വാസക്വാശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഇവിടെ ചികിത്സയിലായിരുന്നു. മരണസമയം ഭാര്യയും മകന്‍ ജോസ് കെ മാണിയും പെണ്‍മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇന്ന് രാവിലെ കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പാടെ കുറഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭൗതികശരീരം എംബാം ചെയ്ത് ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ പത്ത് മണിയോടെ വിലാപയാത്രയായി കോട്ടയത്തെത്തും. കേരളാ കോണ്‍ഗ്രസ് ഓഫീസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ടോടെ പാലായിലെ വസതിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് ശേഷം പാലാ കത്ത്രീഡലില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനം.

Read more:

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30നാണ് കരിങ്ങോഴക്കല്‍ മാണി എന്ന കെ.എം.മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജ്,. മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം നേടി. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 1959 ല്‍ കെ.പി.സി.സി യില്‍ അംഗം. 1964 മുതല്‍ കേരള കോണ്‍ഗ്രസ്സിലെത്തി. 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി.

1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോര്‍ഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വര്‍ഷം 7 മാസം)] 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 13 തവണയാണ് കെ എം മാണി ബജറ്റ് അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹത്തിന് 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളില്‍ മന്തിയാകാന്‍ അവസരം ലഭിച്ചു.

സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ.എം മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം) ഏറ്റവും കൂടുതല്‍ തവണയും നിയമസഭാംഗം എന്നീ ബഹുമതികളും അദ്ദേഹം സ്വന്തമാക്കി. 2015 നവംബര്‍ 10 ന് ബാര്‍ കോഴ അഴിമതി ആരോപണത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം.

ഭാര്യ: കുട്ടിയമ്മ. മക്കൾ: ജോസ് കെ.മാണി, എൽസമ്മ, ആനി, സ്മിത, ടെസ്സി, സാലി