Connect with us

Ongoing News

രാഹുൽ തരംഗമോ തുരങ്കമോയെന്ന് കണ്ടറിയാം: കാനം

Published

|

Last Updated

ആലപ്പുഴ: കേരളത്തിൽ രാഹുൽ ഗാന്ധി തരംഗമോ തുരങ്കമോ എന്ന് കണ്ടറിയാമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴ പ്രസ് ക്ലബിന്റെ ജനസമക്ഷം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രതിപക്ഷ ഐക്യത്തെ തകർക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്ന് പുറത്താക്കുന്നതിനെ ദുർബലപ്പെടുത്തുന്ന ഒരു നിലപാടും ഇടതുപക്ഷം സ്വീകരിക്കില്ല.

ഇടതിനെതിരേ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ ഔദാര്യം ഞങ്ങൾക്ക് വേണ്ട. രാഹുലിനെതിരേ ഞങ്ങൾ പറയാതിരിക്കില്ല. ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസുമായുള്ള ഐക്യത്തെ കുറിച്ച് ഒരു പ്രമേയവും പാർട്ടി പാസ്സാക്കിയിട്ടില്ല. സർക്കാർ രൂപവത്കരണത്തിലുള്ള സഹകരണത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആലോചിക്കേണ്ടതാണ്. നരേന്ദ്ര മോദിയെ പുറത്താക്കുക എന്നതാണ് ലക്ഷ്യം. പാർലിമെന്റിൽ ഇടത് സാന്നിധ്യം വർധിപ്പിക്കണം. 18 സീറ്റുകൾ നേടിയ 2004 ലേതിന് സമാനമായ സാഹചര്യമാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. കോഴിക്കോട് യു ഡി എഫ് സ്ഥാനാർഥിക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കട്ടെ. തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.

ശബരിമല വിഷയം ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബി ജെ പിക്ക് കഴിയില്ല. കേരളത്തിലെ ജനങ്ങളുടെ മതനിരപേക്ഷ മനസ്സിനെ മലിനപ്പെടുത്താൻ ആർക്കുമാകില്ല. കമ്മ്യൂണിസ്റ്റുകാർ ഈശ്വരവിശ്വാസികളാകാൻ പാടില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കാനം പറഞ്ഞു.