Connect with us

National

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല; വിശദീകരണം തേടിയുള്ള നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കും: സുരേഷ് ഗോപി

Published

|

Last Updated

തൃശൂര്‍: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു. വിശദീകരണം ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ നല്‍കിയ നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ടില്ല. അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം പരിശോധിക്കാന്‍ തയാറാകണം. ഒരു ഭക്തന് സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയില്ലെന്നു വന്നാല്‍ അതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യും.

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയം മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കുകയായിരുന്നു. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം മതത്തിന്റെയും ജാതിയുടെയും മറ്റും പേരില്‍ വോട്ടഭ്യര്‍ഥിക്കാന്‍ പാടില്ല. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു.