Connect with us

International

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കൊലയാളിക്കെതിരെ 50 കൊലക്കുറ്റം ചുമത്തി

Published

|

Last Updated

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ അറസ്റ്റിലായയാള്‍ക്ക് എതിരെ 50 കൊലക്കുറ്റവും 39 വധശ്രമവും ചുമത്തി. ഇതിന് പുറമെ മറ്റു വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് ന്യൂസിലാന്‍ഡ് പോലീസ് അറിയിച്ചു. വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 50 കൊലക്കുറ്റം ഇയാള്‍ക്കെതിരെ ചുമത്താന്‍ തിരുമാനിച്ചത്.

ആസ്‌ത്രേലിയക്കാരനായ ബ്രന്റന്‍ ടാറന്റ് എന്ന 28കാരനാണ് കേസില്‍ അറസ്റ്റിലായത്. നേരത്തെ ഇയാള്‍ക്കെതിരെ ഒരു കൊലക്കുറ്റം മാത്രമേ ചുമത്തിയിരുന്നുള്ളൂ. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. ടാറന്റ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം തടവാണ് ലഭിക്കാവുന്ന പരമാവധി കുറ്റം. ന്യൂസിലാന്‍ഡില്‍ ഇതുവരെ ഒരു കുറ്റവാളിക്കും ഈ ശിക്ഷ ലഭിച്ചിട്ടില്ല. എന്നാല്‍ അത്യന്തം ഹീനമായ കുറ്റകൃത്യം ചെയ്യുന്നയാള്‍ക്ക് പരമാവധി ശിക്ഷ വിധിക്കാന്‍ ജഡ്ജിക്ക് സാധിക്കും.

മാര്‍ച്ച് 15ന് ജുമുഅ നമസ്‌കാരത്തിനിടെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമി വെടിവെപ്പ് നടത്തിയത്. ന്യൂസിലാന്‍ഡ് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.