Connect with us

National

കനത്ത തിരിച്ചടി നൽകി ഇന്ത്യ; ഏഴ് പാക് പോസ്റ്റുകള്‍ തകര്‍ത്തു; മൂന്ന് സൈനികര്‍ മരിച്ചതായി പാക്കിസ്ഥാന്‍

Published

|

Last Updated

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. നിയന്ത്രണ രേഖക്ക് സമീപമുള്ള പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഏഴ് പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. രാഖ്ചിക്രിയിലേയും റാവല്‍കോട്ടിലെയും സൈനിക പോസ്റ്റുകളാണ് തകര്‍ത്തത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത നാശം സംഭവിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്റെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പൂഞ്ചിലും രജൗറിയില്‍ പാക്കിസ്ഥാന്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനും ആറ് വയസ്സുകാരിയും കൊല്ലപ്പെട്ടിരുന്നു. 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവിടത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

മേഖലയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണ്. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഡ്രോണുകള്‍ പറക്കുന്നതും നിത്യ സംഭവമായിട്ടുണ്ട്.