മര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; മുഖ്യമന്ത്രി ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചു

Posted on: April 1, 2019 9:47 am | Last updated: April 6, 2019 at 5:42 pm

തൊടുപുഴ: മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയിട്ടുണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന സൂചനകളോന്നും തന്നെ കുട്ടിയുടെ ശരീരം ഇതുവരെ പ്രകടിപ്പിച്ചു തുടങ്ങിയിട്ടില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച മട്ടാണ്. അതേ സമയം നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം.

കുട്ടിയെ മര്‍ദിച്ച പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും ഡോക്ടര്‍ാമര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേ സമയം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെത്തുന്ന മുഖ്യമന്ത്രി ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചു. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി സംസാരിച്ചു.നിര്‍ഭാഗ്യകരമായ അവസ്ഥ തുടരുകയാണെന്നും യന്ത്രസഹായത്താലാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പിന്നീട് ആശുപത്രിയില്‍ തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.