Connect with us

Ongoing News

ആശയം സോഷ്യലിസം, ലക്ഷ്യം അധികാരം

Published

|

Last Updated

ഐ കെ ഗുജ്റാൾ, വീരേന്ദ്ര കുമാർ

രാജ്യത്തെ ആദ്യ കോൺഗ്രസിതര സർക്കാറിന് രൂപം നൽകിയിരുന്ന ജനതാ പാർട്ടി പിളർന്നാണ് രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന പല പാർട്ടികളും പിറന്നത്. ഇതിൽ സോഷ്യലിസം പ്രധാന ആശയമായി സ്വീകരിച്ച വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു ജനതാദൾ. അടിയന്തരാവസ്ഥക്ക് പിന്നാലെ 1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി രാജ്യത്താദ്യമായി കോൺഗ്രസിതര സർക്കാർ രൂപവത്കരിച്ച ജനതാ പാർട്ടി പിളർന്ന് ജനതാദൾ, ബി ജെ പി, ലോക്ദൾ എന്നീ പാർട്ടികൾ പിറന്നു. സോഷ്യലിസം പ്രധാന ആശയമായി തിരഞ്ഞെടുത്ത ജനതാദൾ 1988 നവംബർ 11 നാണ് പിറവിയെടുത്തത്. ജനമോർച്ച, ജനതാ പാർട്ടി, ലോക്ദൾ, കോൺഗ്രസ്-എസ് (ജഗ്ജീവൻ വിഭാഗം) എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാദൾ രൂപംകൊണ്ടത്. വി പി സിംഗ് ആയിരുന്നു പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാകുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസിതര സർക്കാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. 1989 ൽ ഇടതുപക്ഷം ഉൾപ്പെടെ വിവിധ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിച്ചിരുന്നുവെങ്കിലും സർക്കാറിനെ പിന്തുണച്ചിരുന്ന ബി ജെ പിയുടെ രഥയാത്രയെ എതിർത്തതിന് പിന്നാലെ ഭരണം വിടേണ്ടി വന്നു. പിന്നീട് ദേവഗൗഡയുടെ നേതൃത്വത്തിൽ രണ്ടാമതും അധികാരത്തിലെത്തിയെങ്കിലും രണ്ടാം വർഷത്തിൽ തന്നെ ദേവഗൗഡക്ക് രാജിവെക്കേണ്ടി വന്നു. തുടർന്ന് ഇന്ദർകുമാർ ഗുജ്റാൾ വന്നെങ്കിലും അത്തവണയും അഞ്ച് വർഷം തികക്കാനായില്ല. പിന്നീട് ജനതാ പാർട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളർപ്പുകൾ ജനതാദളിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടു.
ഐ കെ ഗുജ്റാളിന്റെ രാജിക്ക് ശേഷം ജനതാദൾ പലകഷ്ണങ്ങളായി പിളരുന്ന ദയനീയസ്ഥിതിയാണ് രാജ്യം കണ്ടത്. ദേശീയതലത്തിൽ

ഇടപെടലുകളുണ്ടായിരുന്നെങ്കിലും സംസ്ഥാനങ്ങളിൽ അതികായരായ നേതാക്കൾ പാർട്ടി പിളർത്തി തങ്ങളുടെ തട്ടകത്തിൽ സ്വന്തം പേരിലാക്കുകയായിരുന്നു. ഇതോടെ ബിഹാറിൽ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദളും, നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ യുനൈറ്റഡും ഒഡീഷയിൽ ബിജു പട്‌നായികിന്റെ നേതൃത്വത്തിൽ ബിജു ജനതാദളും ഉത്തർ പ്രദേശിൽ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടിയും കർണാടകയിലും കേരളത്തിലും ദേവഗൗഡയുടെ നേതൃത്വത്തിൽ ജനതാദൾ സെക്യുലറും രൂപം കൊണ്ടു.
ഇതിനിടെ ഏക കക്ഷി ഭരണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട രാജ്യത്ത് കോൺഗ്രസിന്റെ നേതൃതത്തിൽ യു പി എയും ബി ജെ പിയുടെ നേതൃത്വത്തിൽ എൻ ഡി എയും ദേശീയ മുന്നണികളായി നിലവിൽ വന്നിരുന്നു. ഇതിൽ ലാലുവിന്റെ രാഷ്ട്രീയ ജനതാദളും ദേവഗൗഡയുടെ ജനതാദൾ സെക്യുലറും എസ് പിയും യു പി എ മുന്നണിക്കൊപ്പം നിലയുറപ്പിച്ചു. നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡ് എൻ ഡി എ മുന്നണിയിലുമെത്തി. ഇതിനിടെ ജനതാദൾ യുനൈറ്റഡ് പിളർത്തി രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിൽ ലോക്ജനശക്തി പാർട്ടിക്ക് രൂപം നൽകിയിരുന്നു.

ദേവഗൗഡയുടെ പിറകിൽ കേരളത്തിലെ ജനതാദളുകാർ വീരേന്ദ്ര കുമാറിനൊപ്പം ജനതാദൾ സെക്യുലറിൽ തുടർന്നു. ജനതാദൾ സെക്യുലർ ദേശീയതലത്തിൽ യു പി എയിലായിരുന്നെങ്കിലും സംസ്ഥാനത്ത് ഇവർ ഇടതുമുന്നണിയിലായിരുന്നു.

എന്നാൽ 2009 പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിലുണ്ടായ അസ്വാരസ്യത്തിന് പിന്നാലെ വീരേന്ദ്ര കുമാറിനൊപ്പം ഒരു വിഭാഗം മുന്നണി വിട്ട് സോഷ്യലിസ്റ്റ് ജനതാ െഡമോക്രാറ്റിക് എന്നപേരിൽ പുതിയ സംഘടനയുണ്ടാക്കി യു ഡി എഫിൽ ചേക്കേറി. യു ഡി എഫ് സർക്കാറിന്റെ ഭാഗമായി. തുടർന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തോൽവിയോടെ നിയമസഭയിൽ അംഗത്വമില്ലാത്ത പാർട്ടിയായി മാറി. എന്നാൽ മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ നാല് സീറ്റ് നേടിയ സെക്യുലർ ഇടതുപക്ഷത്തോടൊപ്പം തുടർന്നു.

ഇതിനിടെ ബി ജെ പിയിൽ മോദി മേൽകൈ നേടിയ സാഹചര്യത്തിൽ എൻ ഡി എ വിട്ട ജനതാദൾ യുനൈറ്റഡ് ബിഹാറിൽ കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം ദേശീയ മഹാസഖ്യത്തിലെത്തി. വീരേന്ദ്ര കുമാർ സോഷ്യലിസ്റ്റ് ജനതയെ ജനതാദൾ യുനൈറ്റഡിൽ ലയിപ്പിച്ചു. എന്നാൽ മഹാസഖ്യത്തെ വഞ്ചിച്ച് നിതീഷ് കുമാർ വീണ്ടും ബി ജെ പിക്കൊപ്പം പോയതോടെ ശരത് യാദവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനതാദൾ യുനൈറ്റഡ് വിട്ട് ലോക് താന്ത്രിക് ജനതാദൾ രൂപവത്കരിച്ചു. ഇതിന് പിന്നാലെ വീരേന്ദ്ര കുമാർ തന്റെ പാർട്ടിയെ ലോക് താന്ത്രിക് ജനതാദളിൽ ലയിപ്പിച്ചു. ഇതിനിടെ യു ഡി എഫ് മുന്നണിയിൽ നിന്ന് എൽ ഡി എഫിൽ തിരിച്ചെത്തി. എന്നാൽ ഇടഞ്ഞു നിന്ന ജോൺ ജോണിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനതാദൾ യുനൈറ്റഡായി ഇപ്പോഴും തുടരുന്നുണ്ട്.ബിഹാറിൽ വിശാല സഖ്യം ഇതിനിടെ ഐക്യ ജനതാ പരിവാറെന്ന പേരിൽ ജനതാദളിനെ ഒന്നിച്ചുചേർക്കാൻ മുലായം സിംഗിന്റെ നേതൃത്വത്തിൽ ഒരുശ്രമം നടത്തിയിരുന്നുവെങ്കിലും നേതാക്കൾക്കിടയിലെ പടലപ്പിണക്കം മൂലം അത് യാഥാർഥ്യമായില്ല. നിതീഷ്‌ കുമാറിന്റെ ജനതാദൾ യുനൈറ്റഡ്, ദേവഗൗഡയുടെ ജനതാദൾ സെക്യുലർ, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാർട്ടി, ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദൾ, സമാജ്‌വാദി ജനതാപാർട്ടി എന്നീ ആറ് കക്ഷികളാണ് ലയനം പ്രഖ്യാപിച്ചത്. എന്നാൽ ഓരോ സംസ്ഥാനങ്ങളിലും ജനപിന്തുണയുള്ള നേതാക്കൾ ശക്തി പ്രകടിപ്പിച്ചെങ്കിലും ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളിന് ഏതെങ്കിലും സംസ്ഥാനങ്ങളിൽ കാര്യമായി നിലയുറപ്പിക്കാനായിട്ടില്ല.

ലോക് താന്ത്രിക് ജനതാദളിന്റെ ദേശീയ അധ്യക്ഷനായ ശരത് യാദവ് ബിഹാറിലെ മധേപുരയിൽ നിന്ന് ആർ ജെ ഡിയുടെ ടിക്കറ്റിൽ റാന്തൽ ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നതുംശ്രദ്ധേയമാണ്.

Latest