രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതിനെതിരെയെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ആര് വന്നാലും നേരിടുമെന്ന്

Posted on: March 31, 2019 11:54 am | Last updated: March 31, 2019 at 7:07 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനെതിരെയെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോയെന്ന് പരിശ്രമിക്കുന്ന നിലയാണിപ്പോള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയില്ല. ഇടതിനെ നേരിടാന്‍ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരായ മത്സരമാണെന്ന് ആരും പറയില്ല. അത് ഇടത്പക്ഷത്തിനെതിരായ മത്സരമായണ്. അങ്ങനെയല്ലങ്കില്‍ ബിജെപി മത്സരിക്കുന്ന മണ്ഡലമാകാമല്ലൊ. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തടസമാകുമോയെന്ന് ഇപ്പോള്‍ പറയാനാക്കില്ല. നിലവിലെ സാഹചര്യത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് നടത്തുകയെന്നും പിണറായി പറഞ്ഞു.