Connect with us

Editorial

പെരുമാറ്റച്ചട്ടം

Published

|

Last Updated

പ്രാതിനിധ്യ ജനാധിപത്യ പ്രക്രിയയിൽ വോട്ടെടുപ്പിനോളം തന്നെ പ്രധാനമാണ് അതിന്റെ പ്രചാരണം. ജനങ്ങളെ രാഷ്ട്രീയ സംവിധാ നത്തിലേക്ക് ആകർഷിക്കുന്നതും തീരുമാനങ്ങളെടുക്കാൻ സജ്ജമാക്കുന്നതും പ്രചാരണമാണ്. മുഴുവൻ പേരെയും രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കുകയാണ് പ്രചാരണ കാലത്തിന്റെ യഥാർഥ ലക്ഷ്യം. അതുകൊണ്ടാണ് മതം, ജാതി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണം സുപ്രീം കോടതി ശക്തമായി വിലക്കിയത്. പണക്കൊഴുപ്പും വ്യക്തിഹത്യയും തടയാനും ചട്ടങ്ങൾ എമ്പാടുമുണ്ട്. ഭരണത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത് വോട്ടർമാരെ ആകർഷിക്കാൻ പാടില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ അതിരുകൾ പാലിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ഉത്തരവാദിത്വമാണ്. അതിന് അവർ തയ്യറായില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി ഇടപെടണം.

ഏപ്രിൽ- മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയിലെത്തുന്നതിന് മുമ്പ് തന്നെ പെരുമാറ്റ ചട്ട ലംഘനങ്ങളുടെ ഘോഷയാത്ര നടക്കുന്നുവെന്നത് അത്യന്തം ആശങ്കാജനകമാണ്. ഭരണ കക്ഷിയുടെ ഉന്നത നേതാക്കളാണ് ഇത്തരം ചട്ടലംഘനങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. പൊതുചട്ടം, പൊതു യോഗങ്ങൾ, ഘോഷയാത്ര, പോളിംഗ് ദിവസം, പോളിംഗ് ബൂത്തുകൾ, നിരീക്ഷകർ, അധികാരത്തിലുള്ള പാർട്ടി, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ എന്നീ തലക്കെട്ടിൽ തയ്യാറാക്കിയിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭരണ പാർട്ടിയെ സംബന്ധിച്ചുള്ളത് തന്നെയാണ്. കാരണം അവിടെയാണ് ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ കുതന്ത്രങ്ങൾക്ക് സാധ്യതയുള്ളത്. നാല് കാര്യങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. സർക്കാറുകളുടെ ഭരണനേട്ടങ്ങൾ ഒരു തരത്തിലും പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല, എം പിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദർശനങ്ങൾ ഒരിക്കലും പ്രചാരണ പരിപാടികൾക്കോ പാർട്ടി പരിപാടികൾക്കോ ഉപയോഗിക്കാൻ പാടുള്ളതല്ല, സർക്കാറിന്റെ ഒരു സംവിധാനവും പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല, മന്ത്രിമാരും മറ്റ് അധികാരികളും ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ സാമ്പത്തികമായ ഗ്രാൻഡുകളോ ഉറപ്പുകളോ നൽകാൻ പാടുള്ളതല്ല. പൊതു ഇടങ്ങൾ ഭരണകക്ഷി ഒരിക്കലും ഏകപക്ഷീയമായി അവരുടെ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാൻ പാടില്ല എന്നിവയാണ് അവ.
ഇതു വെച്ച് നോക്കുമ്പോൾ, ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തിരഞ്ഞെടുത്ത നാടകീയമായ അഭിസംബോധന ചട്ടലംഘനമാണെന്ന് ആർക്കും വ്യക്തമാകുന്നതാണ്. ഇതേക്കുറിച്ച് പരാതി വന്നപ്പോൾ പരിശോധിക്കാൻ കമ്മീഷൻ സമിതിയെ നിയോഗിച്ചു. സമിതി മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. അത്തരമൊരു അഭിസംബോധനയുടെ അടിയന്തര സാഹചര്യമെന്തായിരുന്നുവെന്ന ചോദ്യം പോലും കമ്മീഷൻ പരിഗണിച്ചില്ല എന്നത് നിരാശാജനകമാണ്.

“പി എം നരേന്ദ്ര മോദി” എന്ന പേരിൽ മോദിയുടെ ജീവിതം പറയുന്ന സിനിമയും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുകയാണ്. ഏപ്രിൽ 11ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ഏപ്രിൽ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. റെയിൽവേ ടിക്കറ്റുകളിലും എയർ ഇന്ത്യയുടെ ബോർഡിംഗ് പാസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനത്തിനുള്ള നയുതം ആയ് യോജന (ന്യായ്) പദ്ധതിയെ നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ വിമർശിച്ചതിനെ ഔദ്യോഗിക പദവി ദുരുപയോഗമായി മാത്രമേ കാണാനാകൂ. “തിരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് 1971ൽ ഗരീബി ഹഠാവോ എന്ന വാഗ്ദാനം നൽകി. 2008ൽ വൺ റാങ്ക് വൺ പെൻഷൻ, 2013ൽ ഭക്ഷ്യസുരക്ഷ. എന്നാൽ ഇതൊന്നും പൂർത്തീകരിച്ചില്ല. ഇതേ നിർഭാഗ്യകരമായ വിധിയാണ് മിനിമം വേതന വാഗ്ദാനത്തിനും സംഭവിക്കാൻ പോകുന്നത്” എന്നായിരുന്നു രാജീവ് കുമാറിന്റെ വിവാദ ട്വീറ്റ്. നിതി ആയോഗ് ഉപാധ്യക്ഷ സ്ഥാനത്തിരിക്കെ ഇത്തരം പരാമർശം നടത്തുന്നതിന് ചട്ടം അനുവദിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ് എന്ന് പരസ്യമായി പറഞ്ഞ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിനെതിരെ എന്ത് നടപടി വരുമെന്നും രാജ്യം ഉറ്റു നോക്കുകയാണ്.

പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ കമ്മീഷൻ തടസ്സപ്പെടുത്തിയതായി ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾ പരാതി പറഞ്ഞിരുന്നു. കേരളത്തിൽ കാർഷിക വായ്പാ മൊറട്ടോറിയത്തിന്റെ കാര്യത്തിലും അതുണ്ടായി. എന്നാൽ കേന്ദ്രത്തിന്റെ “പി എം കിസാൻ സ്‌കീമി”ന് കീഴിൽ 19,000 കോടി വിതരണം ചെയ്യാൻ കേന്ദ്രത്തിന് കമ്മീഷൻ അനുമതി നൽകിയിരുന്നു. ചട്ട ലംഘനം തെളിഞ്ഞാൽ ശാസിക്കാനും ഗുരുതരമാണെങ്കിൽ അയോഗ്യത കൽപ്പിക്കാനും എഫ് ഐ ആറിടാൻ ആവശ്യപ്പെടാനും കമ്മീഷന് അധികാരമുണ്ട്. ഇത്തരം അധികാരങ്ങൾ ഭയമോ പ്രീണനമോ തീണ്ടാതെ പ്രയോഗിക്കാൻ കമ്മീഷന് സാധിക്കണം. ജനാധിപത്യ കാർണിവലിലെ ഈ ഇടിക്കൂട്ടിൽ ആരും നിയമം തെറ്റിക്കാതിരിക്കട്ടെ.

---- facebook comment plugin here -----

Latest