Connect with us

Editorial

കുഞ്ഞുങ്ങളോടരുതേ..

Published

|

Last Updated

ഇത്തിരി മനുഷ്യത്വമുള്ള മുഴുവന്‍ പേരെയും ഒടുങ്ങാത്ത വേദനയിലേക്ക് എടുത്തെറിയുന്ന വാര്‍ത്തയാണ് തൊടുപുഴയില്‍ നിന്ന് കേള്‍ക്കുന്നത്. ഏഴ് വയസ്സുകാരനെ നരാധമന്‍ മര്‍ദിച്ച് തലയോട്ടി പിളര്‍ന്നിരിക്കുന്നു. ആ പിഞ്ചുബാലന്റെ തലച്ചോറ് പുറത്ത് വന്ന് മരണത്തോട് മല്ലടിക്കുകയാണ്. മൃഗീയമെന്ന് ഇതിനെ വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പ്രതിഷേധിക്കും. ഒരു മൃഗവും ഇത് ചെയ്യില്ല. അവ എത്രമാത്രം കരുതലോടെയാണ് സ്വന്തം കുഞ്ഞുങ്ങളെയും ചുറ്റുമുള്ളവയെയും പരിപാലിക്കുന്നത്. ഇര പിടിക്കലിന്റെ പ്രകൃതി പ്രതിഭാസത്തില്‍ മാത്രമാണ് അവ നിഗ്രഹത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. മനുഷ്യനോ? തൊടുപുഴയില്‍ ഈ കുഞ്ഞിനെ ജീവച്ഛവമാക്കിയത് മാതാവിന്റെ കാമുകൻ അരുൺ ആനന്ദാണ്. ഇയാളെ പോലീസ് അറ്റസ്റ്റ് ചെയ്തിട്ടുണ്ട്.

ലഹരിക്കടിമയായ ഇയാള്‍ കുട്ടിയെയും മൂന്നര വയസ്സുകാരനായ സഹോദരനെയും ഇതിന് മുമ്പും മര്‍ദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇളയ കുട്ടിയുടെ ദേഹത്ത് കണ്ട പാടുകള്‍ ഇതിന് തെളിവാണ്. ഇയാളുടെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍, കോടാലി എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കുട്ടികളുടെ പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. തുടര്‍ന്നാണ് 35 കാരനായ ഇയാള്‍ കുടുംബത്തിനൊപ്പം വാടക വീട്ടില്‍ താമസം തുടങ്ങിയത്. രണ്ടാം ക്ലാസ്സുകാരനായ കുട്ടിയെ കാലില്‍ പിടിച്ച് നിലത്തടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന അവസ്ഥയിലാണ്. ദേഹം മുഴുവന്‍ പരുക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ട് കഴിഞ്ഞു. കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പ്രതിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിരിക്കുന്നു.

കൊടിയ പീഡനങ്ങളേറ്റുവാങ്ങി ഓര്‍മകള്‍ പോലും നഷ്ടപ്പെട്ട് ജീവിതത്തിന്റെയും മരണത്തിന്റെയും നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ കടന്ന് പോയി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇടുക്കിക്കാരന്‍ ശഫീഖ് നമ്മുടെ ഓര്‍മയില്‍ നിന്ന് മാഞ്ഞിട്ടില്ല. കോഴിക്കോട്ട് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമായ മര്‍ദനങ്ങളേറ്റ് ലോകത്തോട് വിടപറഞ്ഞ അദിതിയും ഹൃദയം നുറുക്കുന്ന ഓര്‍മയാണ്. ലാളനകളുടെ കരസ്പര്‍ശങ്ങളേറ്റ് തുടിക്കേണ്ട ബാല്യങ്ങള്‍ നെഞ്ചില്‍ ചവിട്ടേറ്റ് കാലുകള്‍ തല്ലിയൊടിക്കപ്പെട്ട നിലയില്‍ തീവ്ര പരിചരണ മുറികളില്‍ നരകിക്കുന്ന ദുരവസ്ഥ നമ്മുടെ സാമൂഹിക ക്രമം എന്തു വലിയ അധഃപതനത്തിലാണെന്ന് വിളിച്ചു പറയുന്നുണ്ട്.

കുടുംബ ബന്ധങ്ങളില്‍ വന്ന ശൈഥില്യവും മനസ്സിണക്കമില്ലാത്ത, കേവലം മാംസനിബദ്ധമായ പ്രണയവും ലഹരിയുടെ വ്യാപനവും സമൂഹത്തിന്റെ മൊത്തം ധാര്‍മിക നിലവാരത്തില്‍ വന്ന ഇടിവുമെല്ലാം ഇത്തരം ക്രൂരതകള്‍ക്ക് കാരണമാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിരവധിയായ നിയമങ്ങള്‍ ഉണ്ടെങ്കിലും പ്രതികള്‍ ഊരിപ്പോരുന്ന പതിവിന് ഒരു കുറവും ഉണ്ടായിട്ടില്ല. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ തെളിവുകള്‍ ദുര്‍ബലമാകുന്ന സ്ഥിതിയുണ്ടാകുന്നു. കുഞ്ഞിന്റെ മാതാവ് അല്ലെങ്കില്‍ പിതാവ് തന്നെ പ്രതിക്ക് അരു നില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിറയുമ്പോള്‍ മാത്രമാണ് പൊതു സമൂഹം ഇത്തരം സംഭവങ്ങളില്‍ ശ്രദ്ധവെക്കുന്നത്. വാര്‍ത്തയുടെ വെളിച്ചത്തില്‍ നിന്ന് മറഞ്ഞാല്‍ ഈ കുഞ്ഞുങ്ങളെയും അവരെ അതിക്രൂരമായി മര്‍ദിച്ച നരാധമന്‍മാരെയും മറക്കും.

വിവാഹബന്ധം വേര്‍പ്പെടുത്തി പുനര്‍വിവാഹം കഴിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുവരുന്നു. ആദ്യ വിവാഹത്തിലെ എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുമക്കളാണ് പലപ്പോഴും ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നവര്‍. ഇവിടെ പരാമര്‍ശിച്ച മൂന്ന് സംഭവങ്ങളിലും ആദ്യ വിവാഹത്തിലെ കുട്ടികളാണ് ഇരകളെന്നോര്‍ക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ ചെറുപ്രായത്തിലേ കൊടിയ ലൈംഗിക ചൂഷണവും അനുഭവിക്കുന്നു. തൊടുപുഴയിലെ കുട്ടിയുടെ പിതാവ് മരിച്ചുപോയതാണ്. മാതാവ് പുതിയ ജീവിതം കണ്ടെത്താന്‍ കൂടെക്കൂട്ടിയ പുരുഷന് കുഞ്ഞുങ്ങള്‍ ബാധ്യതയായി തീര്‍ന്നിരിക്കുന്നു. ഇയാള്‍ മദോന്‍മത്തനായി വന്ന് കലിപ്പ് മുഴുവന്‍ കുഞ്ഞുങ്ങളില്‍ തീര്‍ക്കുന്നത് നിത്യസംഭവമാണ്. ഒരു പക്ഷേ മാതാവ് നിസ്സഹായയായിരിക്കാം. അല്ലെങ്കില്‍ പുതു ജീവിതത്തിന്റെ ആലസ്യത്തില്‍ അവരും കുഞ്ഞുങ്ങളെ ശല്യമായി കാണുന്നുണ്ടാകാം.

ഇതുപറയുമ്പോള്‍ എത്രയോ രണ്ടാനച്ഛന്‍മാര്‍ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, ക്രൂരതയുടെ ആള്‍രൂപങ്ങളുണ്ട്. അത്തരം സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളില്‍ പലരും മാനസികവും ശാരീരികവുമായ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. കണക്കുകളില്‍ മാത്രം തെളിയുന്ന പീഡനങ്ങളേക്കാള്‍ എത്രയോ അധികമാണ് ആരാരും അറിയപ്പെടാതെ നരകയാതന അനുഭവിക്കുന്ന പിഞ്ചുകുട്ടികള്‍.
സത്വരമായ നടപടികളിലൂടെ ബാല്യങ്ങള്‍ അനുഭവിക്കുന്ന ദുരിതപര്‍വങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാറും നിയമസംവിധാനങ്ങളും പൊതുസമൂഹവും മുന്നിട്ടിറങ്ങണം. ഇത്തരം കുട്ടികളെ കണ്ടെത്തി അനാഥാലയങ്ങളിലോ ചൈല്‍ഡ് കെയര്‍ സെന്ററുകളിലോ സുരക്ഷിതരായി എത്തിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഉയര്‍ന്ന പൗരബോധവും ദീനാനുകമ്പയും കൈമുതലായുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക മാത്രമാണ് യഥാര്‍ഥ പോംവഴി.

---- facebook comment plugin here -----