സുപ്രിയയെ ഇറക്കി കോൺഗ്രസ് തടിയൂരി

Posted on: March 30, 2019 11:58 am | Last updated: March 30, 2019 at 11:58 am
സുപ്രിയ, തനുശ്രീ

ലക്നോ: ഒരു മണ്ഡലത്തിൽ രണ്ട് പാർട്ടികൾക്ക് ഒരു സ്ഥാനാർഥിയായാൽ എങ്ങനെയിരിക്കും? അതും മുന്നണി ബന്ധമില്ലാത്ത രണ്ട് പാർട്ടികളുടെ സ്ഥാനാർഥി ഒരാൾ തന്നെയായാൽ?

ഇത് സംഭവിച്ചത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ്. എസ് പി മുൻ നേതാവ് ശിവ് പാൽ യാദവ് അടുത്തിടെ രൂപവത്കരിച്ച പ്രഗാശീൽ സമാജ്്വാദി പാർട്ടി- ലോഹ്യ നേരത്തേ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച തനുശ്രീ ത്രിപാഠിയെ തന്നെയാണ് കഴിഞ്ഞ ദിവസം കോൺഗ്രസും മത്സരിക്കാനിറക്കിയത്.

പക്ഷേ, തനുശ്രീയുടെ കാര്യത്തിൽ കോൺഗ്രസ് വിമർശം നേരിടേണ്ടി വന്നത് ഇതുകൊണ്ടൊന്നുമായിരുന്നില്ല. കവയിത്രി മധുമിത ശുക്ലയെ വധിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന അമർമണി ത്രിപാഠി- മധുമണി ത്രിപാഠി ദന്പതികളുടെ മകളാണ് തനുശ്രീ.

വിമർശം രൂക്ഷമായതോടെ മഹാരാജ്ഗഞ്ചിൽ മത്സരിക്കാൻ കോൺഗ്രസ് മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തിയിരിക്കുകയാണ്. മുതിർന്ന മാധ്യമ പ്രവർത്തക സുപ്രിയ ശ്രിനാഥയാണ് പുതിയ സ്ഥാനാർഥി. സുപ്രിയ രാഷ്ട്രീയത്തിൽ പുതുതെങ്കിലും അവരുടെ പിതാവ് ഹർഷവർധൻ കിഴക്കൻ ഉത്തർ പ്രദേശിൽ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ്.