യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി; നിഷാദ് പാര്‍ട്ടി സഖ്യം വിട്ട് ബിജെപിയില്‍

Posted on: March 30, 2019 10:41 am | Last updated: March 30, 2019 at 1:48 pm

ലക്‌നൗ: യുപിയില്‍ ബിജെപിക്കെതിരെ കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുന്ന എസ്പി -ബിഎസ്പി സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇവര്‍ക്കൊപ്പം സഖ്യത്തില്‍ അണിചേര്‍ന്ന നിഷാദ് പാര്‍ട്ടി ദിവസങ്ങള്‍ക്കുള്ളില്‍ സഖ്യം ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേക്കേറി.

പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദിന് മഹാരാജ്ഗഞ്ച് മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ സഖ്യം വ്യക്തമാക്കിയതോടെയാണ് നിഷാദ് പാര്‍ട്ടി സഖ്യം വിട്ടത്. സഖ്യം വിട്ട സഞ്ജയ് നിഷാദും മകനും ഗോരഖ്പുര്‍ മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി എംപിയുമായ പ്രവീണ്‍ നിഷാദും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പതിറ്റാണ്ടായി ബിജെപി കുത്തകയാക്കിവെച്ചിരുന്ന സീറ്റാണ് പ്രവീണ്‍ നിഷാദിലൂടെ എസ്പി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ്ത്. യുപിയില്‍ അഖിലേഷ്-മായാവതി സഖ്യരൂപീകരണത്തിന് പിന്നിലും നിഷാദ് പാര്‍ട്ടി നിര്‍ണായക പങ്ക് വഹിച്ചിരുന്നു.