Connect with us

International

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ രണ്ടാമത്തെ വെള്ളിയാഴ്ചയും അനുസ്മരിച്ച് ന്യൂസിലാന്‍ഡ്

Published

|

Last Updated

മെല്‍ബോണ്‍: ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സംഭവം നടന്ന് രണ്ടാമത്തെ വെള്ളിയാഴ്ചയും സ്മരിച്ച് ന്യൂസിലാന്‍ഡ്. ലോകത്തിന് മാതൃകയായി നടന്ന അനുസ്മരണ ചടങ്ങില്‍ 25000 ത്തിലധികം പേരാണ് പങ്കെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍, ലിന്‍വുഡ് പള്ളികളില്‍ ജുമുഅ നിസ്‌കാരം നടക്കാനിരിക്കെ ഭീകരന്‍ വെടിയുതിര്‍ത്തത്. നാലു കുട്ടികള്‍ ഉള്‍പ്പടെ 50 പേരാണ് അക്രമിയുടെ തോക്കിനിരയായത്.

ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേന്‍, ഗവര്‍ണര്‍ ജനറല്‍ പാറ്റസി റെഡ്ഢി, ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍, ബ്രിട്ടീഷ് ഗാനരചയിതാവും ഗായകനുമായ ഫിലാന്‍ത്രോപിസ്റ്റ് യൂസുഫ് ഇസ്‌ലാം, ഗായകരായ മാര്‍ലോണ്‍ വില്യംസ്, ഹോളി സ്മിത്ത്, ടീക്‌സ് തുടങ്ങിയ പ്രമുഖര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു.

ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന വിവിധ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഒറ്റക്കെട്ടായ പോരാട്ടം വേണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളെ ഒരിക്കലും ഒറ്റക്കു നേരിടാന്‍ കഴിയില്ല. അതിര്‍ത്തികള്‍ സൃഷ്ടിച്ചു കൊണ്ടോ, കൈയൂക്കു കൊണ്ടോ വംശീയ വിദ്വേഷത്തിലൂടെയല്ല, നമ്മുടെ മനുഷ്യത്വപരമായ ഇടപെടലുകളെന്ന ലളിതമായ ആശയത്തിലാണ് പരിഹാരം കിടക്കുന്നത്. എന്നാല്‍, രാഷ്ട്രം അനുഭവിക്കുന്ന വേദനയെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെയും സംബന്ധിച്ചാണ് നാം ചിന്തിക്കേണ്ടത്.

അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും അവരുടെ ബന്ധുക്കളുടെയും വേദനയെ ഏതു വാക്കുകള്‍ കൊണ്ടാണ് വിശദീകരിക്കാനാവുക. വെറുപ്പിന്റെയും അക്രമത്തിന്റെയും ഇരകളായ നമ്മുടെ മുസ്‌ലിം സമുദായത്തിന്റെ മനോവേദനയെ വ്യക്തമാക്കാന്‍ ഏതു വാക്കുകളാണ് ഉപയുക്തമാവുക. ഒരുപാട് വേദനകള്‍ അനുഭവിച്ചു കഴിഞ്ഞ ഒരു നഗരത്തിന്റെ ദു:ഖം ഏതു വാക്കുകളിലൂടെയാണ് പ്രകടിപ്പിക്കാനാവുക. ഞാനിവിടെ വന്ന് നിങ്ങളോടൊത്തു ചേരുന്നത് നിങ്ങള്‍ക്കു “സലാം” പറയാന്‍ വേണ്ടിയാണ്- അസ്സലാമു അലൈക്കും, നിങ്ങള്‍ക്കു സമാധാനമുണ്ടാവട്ടെ- ജസീന്ത പറഞ്ഞു.

അക്രമത്തില്‍ ഭാര്യ ഹുസ്‌നയെ നഷ്ടപ്പെട്ട ഫരീദ് അഹമ്മദും ചടങ്ങില്‍ സംസാരിച്ചു.

Latest