Connect with us

Ongoing News

ത്രിപുര ചെറുതല്ല, പ്രതീകമാണ്

Published

|

Last Updated

അഗർത്തല: പശ്ചിമ ബംഗാളിനും കേരളത്തിനുമൊപ്പം കാലങ്ങളായി ചെങ്കൊടി ഉയർത്തിപ്പിടിച്ച ചരിത്രമാണ് ത്രിപുരക്കുണ്ടായിരുന്നത്. 2011ൽ പശ്ചിമ ബംഗാളിൽ മൂന്ന് ദശാബ്ദം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ചപ്പോഴും വടക്കുകിഴക്കിലെ കൊച്ചു സംസ്ഥാനം സി പി എമ്മിനെ കൈവിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉന്നംവെച്ചുള്ള ബി ജെ പിയുടെ നീക്കം ഫലം കണ്ടുതുടങ്ങിയത് കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലായിരുന്നു. മുപ്പത് വർഷത്തെ ഇടത് ഭരണം അട്ടിമറിച്ച് അവിടെ ബി ജെ പിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നു. ഇതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജമാകുമ്പോൾ ത്രിപുരയുടെ ചിത്രം.

ഇന്റിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ പി എഫ് ടി)യെ കൂട്ടുപിടിച്ചാണ് സംസ്ഥാന ഭരണം ബി ജെ പി പിടിച്ചെടുത്തത്. സി പി എമ്മിനെ 16 സീറ്റുകളിൽ ഒതുക്കി 36 സീറ്റുകൾ നേടി ബി ജെ പിയുടെ ബിപ്ലബ് കുമാർ ദേബ് ത്രിപുരയുടെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയാകുകയായിരുന്നു. ഐ പി എഫ് ടി എട്ട് സീറ്റുകളിൽ ജയിച്ചു. ഗോത്ര വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന എൻ സി ദേബർമയുടെ നേതൃത്വത്തിലുള്ള ഐ പി എഫ് ടിയെ കൂട്ടുപിടിച്ചതിലൂടെ പരമ്പരാഗതമായി സി പി എമ്മിനൊപ്പം നിൽക്കുന്ന 20 മണ്ഡലങ്ങളാണ് ഒറ്റയടിക്ക് ബി ജെ പി പാളയത്തിലെത്തിയത്. ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന കോൺഗ്രസിന്റെ വോട്ടുകളും എൻ ഡി എ സ്ഥാനാർഥികൾക്ക് ലഭിച്ചപ്പോൾ സംഭവിച്ചത് ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യമായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 64 ശതമാനം വോട്ടുകൾ നേടിയാണ് സംസ്ഥാനത്തെ രണ്ട് പാർലിമെന്റ് സീറ്റുകളും സി പി എം സ്വന്തമാക്കിയത്. 2009ലേതിനെക്കാളും 2.31 ശതമാനം വോട്ടുകൾ അവർക്ക് ലഭിച്ചിരുന്നു. 15.20 ശതമാനം വോട്ട് നേടിയ കോൺഗ്രസായിരുന്നു സംസ്ഥാനത്തെ രണ്ടാം പാർട്ടി. ബി ജെ പിക്ക് കേവലം 5.70 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പിന്നീട് 2013ലാണ് ത്രിപുര വീണ്ടും പോളിംഗ് ബൂത്തിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 48.1 ശതമാനം വോട്ടും 49 സീറ്റുകളുമായി സി പി എം അധികാരത്തിൽ വന്നു. 36.5 ശതമാനം വോട്ടുകളുണ്ടായിരുന്ന കോൺഗ്രസിന് പത്ത് സീറ്റ് നിലനിർത്തി തൃപ്തിപ്പെടേണ്ടിവന്നു. കേവലം 1.5 ശതമാനം മാത്രം വോട്ട് ലഭിച്ച ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല.

ചുവന്ന മണ്ണിന്റെ കഥ മാറുന്നത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. പുതിയ കൂട്ടുകെട്ടിൽ മത്സരത്തിനിറങ്ങിയ ബി ജെ പി പൂജ്യത്തിൽ നിന്ന് 36ലേക്ക് വളർന്നു. 43 ശതമാനം വോട്ടർമാരാണ് ആ തിരഞ്ഞെടുപ്പിൽ അവർക്ക് പിന്തുണ നൽകിയത്. 33 സീറ്റുകൾ നഷ്ടപ്പെട്ട സി പി എമ്മിന്റെ കൈയിൽ ശേഷിച്ചത് 16 എണ്ണം മാത്രം. കോൺഗ്രസിനും സി പി ഐക്കും ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ബി ജെ പിയെ ചരിത്ര ജയത്തിലെത്തിച്ചത്.

പക്ഷേ, ചരിത്രം നിശ്ചലമല്ല. കാര്യങ്ങൾ ഒരു വർഷത്തിനിടയിൽ വീണ്ടും മാറിമറിയുകയാണ്. ബി ജെ പിക്ക് വലിയ വിജയം കൈയെത്തിപ്പിടിച്ചുകൊടുത്ത ഐ പി എഫ് ടി മാറിച്ചിന്തിക്കുമോ എന്ന് വൈകാതെ അറിയാം. ഇന്നലെ കോൺഗ്രസ്, ഇന്റിജിനസ് നാഷനലിസ്റ്റ് പാർട്ടി ഓഫ് ത്വിപ്ര (ഐ എൻ പി ടി) നേതാക്കൾ ഐ പി എഫ് ടി നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ എൻ സി ദേബർമയുടെ വസതിയിലെത്തി ചർച്ച നടത്തി. ദേശീയ പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ ബി ജെ പിക്കുള്ള പിന്തുണ പിൻവലിച്ച് തങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കോൺഗ്രസ്- ഐ എൻ പി ടി നേതാക്കൾ മുന്നോട്ടുവെച്ചത്.

ഈ നിലപാടിനോട് അനുകൂലമാണെങ്കിലും തീരുമാനമെടുക്കാൻ സമയം വേണമെന്നാണ് ദേബർമ അറിയിച്ചിട്ടുള്ളത്. ഐ പി ടി എഫ് ഇപ്പോൾ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുമുണ്ട്. ദേബർമ തന്നെ മത്സരത്തിനിറങ്ങുന്നു എന്നതാണ് ഏറ്റുമുട്ടൽ പ്രവചനാതീതമാക്കുന്നത്. 1983 മുതൽ കോൺഗ്രസും ഐ എൻ പി ടിയും സഖ്യമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേരിടുന്നത്. 1988- 93 കാലത്ത് സഖ്യം സർക്കാർ രൂപവത്കരിക്കുകയും ചെയ്തിരുന്നു. എങ്കിലും, സി പി എമ്മിന്റെ കൈയിലുള്ള കിഴക്കൻ ത്രിപുര, പടിഞ്ഞാറൻ ത്രിപുര മണ്ഡലങ്ങൾ അവരുടെ കൈയിൽ ഭദ്രമാകുമോ എന്നത് മാത്രമാണ് ഇപ്പോഴും പ്രസക്തമായ ചോദ്യം.

അതിനിടെ, ത്രിപുരയിൽ പ്രചാരണത്തിനിറങ്ങുന്ന ഉന്നത നേതാക്കളുടെ പട്ടിക കോൺഗ്രസും ബി ജെ പിയും പുറത്തിറക്കി. അമിത് ഷായും നരേന്ദ്ര മോദിയും ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനെത്തുമ്പോൾ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സച്ചിൻ പൈലറ്റ്, നവജ്യോത് സിംഗ് സിദ്ദു, നഗ്മ തുടങ്ങിയവർ കോൺഗ്രസിന് വേണ്ടി വോട്ടുപിടിക്കാനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ്. പടിഞ്ഞാറൻ ത്രിപുര ഏപ്രിൽ 11നും കിഴക്കൻ ത്രിപുര ഏപ്രിൽ 18നുമാണ് ജനഹിതം രേഖപ്പെടുത്തുക. കോൺഗ്രസിന് വേണ്ടി സുബാൽ ഭൗമിക് (പടിഞ്ഞാറൻ ത്രിപുര), പ്രഗ്യ ദേബ് ബർമൻ (കിഴക്കൻ ത്രിപുര) എന്നിവരാണ് സ്ഥാനാർഥികൾ. സുബാൽ ഭൗമിക് ബി ജെ പി വിട്ട് അടുത്തിടെയാണ് കോൺഗ്രസിൽ എത്തിയത്.