ഷാര്‍ജ അന്താരാഷ്ട്ര ഹദീസ് മത്സരം: മര്‍കസ് വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

Posted on: March 29, 2019 12:01 pm | Last updated: March 29, 2019 at 1:22 pm

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ഷാര്‍ജ അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥി ഹാഫിള് ഉബൈദ് ഇസ്മാഈല്‍ ഒന്നാം സ്ഥാനം നേടി. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 396 മത്സരാര്‍ഥികളാണ് മാറ്റുരച്ചത്.

ഹദീസുകളുടെ സനദും അര്‍ഥവും ഉള്‍പെടെയാണ് മത്സരത്തിനായി പരിഗണിച്ചത്.കാരന്തൂര്‍ മര്‍കസില്‍ നിന്ന് ഖുര്‍ആന്‍ ഹിഫഌം ജൂനിയര്‍ ശരീഅതും പൂര്‍ത്തിയാക്കിയ വയനാട് കംബ്ലക്കാട് സ്വദേശിയായ ഹാഫിള് ഉബൈദ് ഇപ്പോള്‍ അല്‍ഖാസിമിയ യൂണിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഉപരിപഠനം നടത്തുന്നു. ഇസ്മാഈല്‍ മുസ്‌ലിയാര്‍റംല ദമ്പതികളുടെ മകനാണ്. ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഹാഫിള് ഉബൈദിന് പുരസ്‌കാരം സമ്മാനിച്ചു. ഷാര്‍ജ ഖുര്‍ആന്‍ സുന്നത്ത് ഫൗണ്ടേഷന്‍ മേധാവി ശൈഖ് സുല്‍ത്താന്‍ ബിന്‍ റംലൂക്, അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. റശാദ് സാലിം എന്നിവര്‍ സംബന്ധിച്ചു.

മത്സരത്തില്‍ പങ്കെടുത്ത മറ്റു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ശ്രദ്ദേയമായ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അധികൃതര്‍ വിലയിരുത്തിയതായി മര്‍കസ് അക്കാഡമിക് കോര്‍ഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലം അറിയിച്ചു