പരീക്ഷാച്ചൂട് കഴിഞ്ഞു; ഇനി ആശ്വാസത്തിന്റെ അവധിക്കാലം

Posted on: March 29, 2019 11:55 am | Last updated: March 29, 2019 at 11:56 am
എഴുത്തിലെ ചിരി ഭാവങ്ങൾ: എസ് എസ് എൽ സി അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഭിന്നശേഷിക്കാരിയായ സുഹൃത്തിന്റെ വസ്‌ത്രത്തിൽ
സഹപാഠികൾ സ്‌നേഹവാചകങ്ങൾ എഴുതുന്നു. മലപ്പുറം ഗവ. ഗേൾസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച. • ചിത്രം: പി കെ നാസർ

തിരുവനന്തപുരം: പരീക്ഷാ ചൂട് കഴിഞ്ഞു. ഇനി കളിചിരികളുടെ രണ്ട് മാസക്കാലം. എസ് എസ് എൽ സി പരീക്ഷകൾ ഇന്നലെ സമാപിച്ചതോടെ വാർഷിക പരീക്ഷകളെല്ലാം പൂർത്തിയാക്കി ഇനിയുള്ള രണ്ട് മാസം കുട്ടികൾക്ക് ഉല്ലസിക്കാം. പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ച അവസാനിച്ചിരുന്നു.

ഹോളി ആഘോഷത്തിന്റെ മാതൃകയിൽ പരസ്പരം വർണങ്ങൾ വാരിയെറിഞ്ഞാണ് വിദ്യാർഥികൾ ഇന്നലെ പരീക്ഷക്കാലത്തിന് വിടനൽകിയത്. മിക്കയിടങ്ങളിലും സ്‌കൂൾ കോമ്പൗണ്ടുകളിൽ നിന്ന് ആഘോഷങ്ങൾ റോഡുകളിലേക്ക് വരെയെത്തി.

ഈ മാസം 13നായിരുന്നു എസ് എസ് എൽ സി പരീക്ഷ തുടങ്ങിയത്. ബയോളജി ആയിരുന്നു അവസാന പരീക്ഷ. പരീക്ഷകളെല്ലാം പൊതുവേ എളുപ്പമായിരുന്നെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായം. കുഴക്കുന്ന ചോദ്യങ്ങളൊന്നും തന്നെ ഇക്കുറി ഉണ്ടായിരുന്നില്ല. ഗണിതം അൽപം കട്ടിയായിരുന്നു എന്നതൊഴിച്ചാൽ മറ്റ് പരീക്ഷകളിൽ പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്നെയായിരുന്നു കൂടുതലും.

അതേസമയം, കത്തുന്ന ചൂടിൽ പരീക്ഷാ ഹാളിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് പരാതിയുണ്ട്. നിരവധി സ്കൂളുകളിൽ ക്ലാസ് മുറികളിൽ ഫാൻ ഇല്ലായിരുന്നു. പരീക്ഷാ മുറികളിൽ അവശ്യ സൗകര്യങ്ങളൊരുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ മിക്ക സ്കൂളുകളും അവ പാലിച്ചില്ലെന്നും പരാതിയുണ്ട്.
കൊല്ലം കടക്കലിൽ പരീക്ഷക്കിടെ വിദ്യാർഥിയെ ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവാദം നൽകാതിരുന്നതും പരീക്ഷ സംബന്ധിച്ച് ചർച്ചക്കിടയാക്കിയിരുന്നു.

പരീക്ഷ കഴിഞ്ഞശേഷം കുഴഞ്ഞുവീണ നിലയിലായിരുന്ന വിദ്യാർഥിയെ മറ്റ് അധ്യാപകർ എത്തി ശുശ്രൂഷിക്കുകയായിരുന്നു. 4.35 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി എസ് എസ് എൽ സി പരീക്ഷയെഴുതിയത്. അടുത്തമാസം അഞ്ചോടെ മൂല്യനിർണയം നടത്തി മെയ് ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.