ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം: ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലരട്ടെയെന്ന് ചൈന

Posted on: March 27, 2019 8:02 pm | Last updated: March 28, 2019 at 9:46 am

ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ബഹിരാകാശത്ത് ഇന്ത്യ വെല്ലുവിളി ഉയര്‍ത്തില്ലെന്ന് കരുതുന്നുവെന്നും ഓരോ രാജ്യവും ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലര്‍ത്തട്ടെയെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യയുടെ മിഷന്‍ ശക്തി ദൗത്യത്തോട് പ്രതികരിച്ചത്.

2007ല്‍ ചൈന ഇത്തരമൊരു മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. 800 കിലോമീറ്റര്‍ അകലെയുള്ള പ്രവര്‍ത്തനരഹിതമായ കാലാവസ്ഥാ ഉപഗ്രഹമാണ് അന്ന് തകര്‍ത്തത്. 2013ലും ചൈന ഇത്തരമൊരു പരീക്ഷണം ആവര്‍ത്തിച്ചിരുന്നു. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. നേരത്തെ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമെ ഇത്തരം മിസൈലുകള്‍ ഉണ്ടായിരുന്നുള്ളു.