Connect with us

National

ബി ജെ പിക്കു വഴങ്ങിയില്ല; ഗോവ ഉപ മുഖ്യമന്ത്രി ധവല്‍കര്‍ പദവിയില്‍ നിന്ന് പുറത്ത്

Published

|

Last Updated

പനാജി: ഗോവയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അറുതിയായില്ല. ഉപ മുഖ്യമന്ത്രിയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി) എം എല്‍ എയുമായ സുദിന്‍ ധവലികറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പദവിയില്‍ മറ്റൊരാളെ നിയമിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ മൃദുല സിന്‍ഹക്കു നല്‍കിയ കത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ധവലികറിന്റെ വകുപ്പുകളായ ഗതാഗതവും പൊതു മരാമത്തും മുഖ്യമന്ത്രി ഏറ്റെടുക്കും.

നിയമസഭയില്‍ മൂന്ന് അംഗങ്ങളുണ്ടായിരുന്ന എം ജി പിയില്‍ നിന്ന് രണ്ട് എം എല്‍ എമാരെ അടര്‍ത്തി ബി ജെ പി സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. എം എല്‍ എമാരായ മനോഹര്‍ അജ്ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവരാണ് ബി ജെ പിയിലേക്കു കൂറുമാറിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ തങ്ങളുടെ പാര്‍ട്ടി ബി ജെ പിയില്‍ ലയിക്കുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് നിയമസഭാ സ്പീക്കര്‍ക്ക് ഇവര്‍ നല്‍കുകയും ചെയ്തു. എന്നാല്‍, സുദിന്‍ ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല. കുതന്ത്രങ്ങള്‍ക്കു വഴങ്ങാതെ എം ജി പിയില്‍ ഉറച്ചുനില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

നിയമസഭാ ചട്ടമനുസരിച്ച് ഒരു കക്ഷിയുടെ എം എല്‍ എമാരില്‍ മൂന്നില്‍ രണ്ടുപേര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചതായി രേഖാമൂലം അറിയിച്ചാല്‍ സ്വാഭാവികമായി ബാക്കിയുള്ള എം എല്‍ എമാരും ലയനത്തിന്റെ ഭാഗമാകും.

സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ ബി ജെ പി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്ന് സുദിന്‍ ധവലികര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് ഉപ മുഖ്യമന്ത്രി പദവി നല്‍കി പിടിച്ചുനിര്‍ത്തിയിരുന്നത്.