Connect with us

Gulf

ഡിഗ്രി തുല്യതാ സര്‍ട്ടിഫിക്കറ്റ്; പ്രശ്‌നം പരിഹരിച്ചതായി ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

അബൂദബി: പ്രവാസി ഇന്ത്യക്കാരുടെ ഡിഗ്രി തുല്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. യു എ ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിയുമായി ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ഇന്ത്യയില്‍ പ്രൈവറ്റായി ബിരുദമെടുത്ത അധ്യാപകര്‍ക്കു യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നു തുല്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്‌നങ്ങള്‍ അധ്യാപകരും വിവിധ സംഘടനാ ഭാരവാഹികളും ഇന്ത്യന്‍ എംബസിയുടെയും മുഖ്യമന്ത്രിയുടെയും നോര്‍ക്കയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്‌നം യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചതും പരിഹാരമായതും. ഇത് അധ്യാപകര്‍ക്കു മാത്രമല്ല ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഉന്നത വിദ്യാഭ്യാസം തേടുന്നവര്‍ എന്നിവര്‍ക്കും വലിയ ആശ്വാസമാണെന്ന് നവ്ദീപ് സിങ് സൂരി അറിയിച്ചു.

ഇന്ത്യക്കാരുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്റേണല്‍, എക്‌സ്റ്റേണല്‍ മാര്‍ക്ക് അടയാളപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിനുണ്ടായിരുന്ന ആശയക്കുഴപ്പത്തിനാണ് എംബസിയുടെ ഇടപെടല്‍ മൂലം പരിഹാരമായത്. സര്‍ട്ടിഫിക്കറ്റുകളില്‍ എക്‌സ്റ്റേണല്‍ എന്നടയാളപ്പെടുത്തിയത് പരീക്ഷാ മൂല്യനിര്‍ണയ രീതി മാത്രമാണെന്നും പഠിച്ച സ്ഥലത്തിന്റെ അടയാളപ്പടുത്തലല്ലെന്നും വ്യക്തമായതായി മന്ത്രാലയം എംബസിയെ അറിയിച്ചു.

യൂനിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ അക്കാദമിക ഭരണ പരിഷ്‌കാര നടപടികള്‍ അവലോകനം ചെയ്താണ് മന്ത്രാലയം ആശയക്കുഴപ്പം ഒഴിവാക്കിയത്. ഇതോടെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്ക് യു എ ഇയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇതിന് മുമ്പു നിരസിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കുകയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ യു എ ഇ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയും ചെയ്യും. ഇതിനായുള്ള മുഴുവന്‍ അപേക്ഷകളും അനുഭാവപൂര്‍വം പരിശോധിക്കുകയും യു എ ഇ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കാവശ്യമായ നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.