Connect with us

Articles

ഇസിൽ ഭീകരതക്ക് അറുതിയായോ?

Published

|

Last Updated

സിറിയയിലെ ഇസില്‍ സംഘത്തിന്റെ അവസാനത്തെ ശക്തികേന്ദ്രവും തിരിച്ചു പിടിച്ചുവെന്ന് അന്താരാഷ്ട്ര പിന്തുണയുള്ള കുര്‍ദ് സേന പ്രഖ്യാപിച്ചിരിക്കുന്നു. വലിയ പ്രാധാന്യത്തോടെയാണ് ആഗോള മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത്. ആഹ്ലാദഭരിതരായി നില്‍ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്(എസ് ഡി എഫ്) സേനാംഗങ്ങളുടെ ചിത്രവും വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടിരുന്നു. ഇറാഖ് അതിര്‍ത്തിയിലെ ഒരു ഭാഗവും സിറിയയുടെ ഒരു ഭാഗവും ചേരുന്ന പ്രദേശത്തായിരുന്നു ഇസില്‍ വാഴ്ച അവശേഷിച്ചിരുന്നത്. അത് ചുരുക്കിച്ചുരുക്കി ബഗൗസിയില്‍ മാത്രം ഒതുക്കാന്‍ പല കോണുകളില്‍ നിന്നുള്ള ഇസില്‍ വിരുദ്ധ സൈനിക നടപടികള്‍ക്ക് സാധിച്ചുവെന്നത് വസ്തുതയാണ്. ബഗൗസിയില്‍ നിന്നു കൂടി ഇവരെ തുരത്തിയതോടെ ഇസില്‍ തീര്‍ത്തും തരിപ്പണമായെന്ന് പറയുന്നതിലാണ് വസ്തുതക്കുറവുള്ളത്.

തീവ്രവാദി സംഘങ്ങളെ തകര്‍ക്കാന്‍ സൈനിക നടപടിയുടെ പോലും ആവശ്യമില്ല. ഭീകര സംഘങ്ങള്‍ക്ക് ആയുധം ലഭ്യമാകാനുള്ള സാധ്യതയില്ലാതാക്കിയാല്‍ മാത്രം മതിയാകും അവയെ കേവലാര്‍ഥത്തില്‍ തോല്‍പ്പിക്കാന്‍. അല്ലെങ്കില്‍ സാമ്പത്തിക സ്രോതസ്സ് അടച്ചാലും മതി. ഇസിലിന്റെ കാര്യത്തില്‍, പല താത്പര്യങ്ങളുടെ പേരിലായാലും, എത്ര ശക്തികളാണ് മുന്നിട്ടിറങ്ങിയത്. റഷ്യ, അമേരിക്ക, ഇറാന്‍, തുര്‍ക്കി, സിറിയന്‍ സര്‍ക്കാര്‍… എല്ലാവരും ഇസില്‍ വിരുദ്ധ ദൗത്യത്തിലായിരുന്നു. വൈ പി ജി പെശ്മര്‍ഗ പോലുള്ള കുര്‍ദ് സായുധ സംഘങ്ങളും ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുമെല്ലാം ഇതേ പണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇത്തരം ദൗത്യങ്ങളുടെ ബാഹുല്യം ഇസില്‍ കീഴടക്കാനാകാത്ത ശക്തിയാണെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നിട്ടും അവയെ വേരോടെ പിഴുതെറിയാനുള്ള യഥാര്‍ഥ നീക്കങ്ങള്‍ ഉണ്ടായില്ല. അതുകൊണ്ട് എവിടെയൊക്കെ അവയെ തോല്‍പ്പിച്ചോ അവിടെയൊക്കെ റീഗ്രൂപ്പ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. വഹാബി ആശയങ്ങളില്‍ ആശ്രയം കണ്ടെത്തുന്നവര്‍ പലയിടങ്ങളില്‍ നിന്നും ഇസിലിലേക്ക് തീര്‍ഥയാത്ര നടത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് ബഗൗസി തിരിച്ചു പിടിച്ചു എന്നതിനെ ഇസില്‍ സമ്പൂര്‍ണമായി അവസാനിച്ചുവെന്ന് പരാവര്‍ത്തനം ചെയ്യാനാകില്ല.

വ്യാപനത്തിന്റെ ചരിത്രം
ഇസില്‍ സംഘത്തിന്റെ “വളര്‍ച്ച” തുടങ്ങുന്നത് 1989-1999 ദശകത്തില്‍ നിന്ന് തന്നെയാണ്. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശവും അതിനെതിരായ അമേരിക്കന്‍ നീക്കങ്ങളുമാണല്ലോ ഈ ദശകത്തില്‍ ചോര വീഴ്ത്തിയത്. അന്ന് അമേരിക്ക പരിശീലനം നല്‍കി ആയുധമണിയിച്ച തീവ്രവാദ ഗ്രൂപ്പുകളാണ് അല്‍ഖാഇദ അടക്കമുള്ള ഗ്രൂപ്പുകളായി പിന്നീട് രൂപാന്തരപ്പെട്ടത്. അതുകൊണ്ട് ഈ പരിണാമത്തില്‍ നിന്ന് അടര്‍ത്തി ഇസില്‍ സംഘത്തെ മനസ്സിലാക്കാനാകില്ല. ഈ സംഹാര ജന്‍മങ്ങള്‍ക്കെല്ലാം ഉയിരു നല്‍കിയത് സാമ്രാജ്യത്വമാണെന്നതിന് ഈ ദശകം തന്നെയാണ് തെളിവ്. 2003 മുതല്‍ 2009വരെ അമേരിക്കയുടെ ഇറാഖ് അധിനിവേശം കത്തിനിന്ന കാലമാണ് രണ്ടാം ഘട്ടം. അഫ്ഗാനില്‍ നിന്ന് മടങ്ങിയ അബൂ മുസബ് സര്‍ഖാവി 1999ല്‍ ജോര്‍ദാനില്‍ തന്റെ സ്വന്തം സായുധ ഗ്രൂപ്പ് ഉണ്ടാക്കുന്നു. അപ്പോഴേക്കും സദ്ദാം ഭരണകൂടത്തിനെതിരെ അമേരിക്ക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണം തുടങ്ങിയിരുന്നു. ഭീകര സംഘങ്ങള്‍ ഇറാഖിലേക്ക് വെച്ചു പിടിക്കാന്‍ മറ്റ് കാരണമൊന്നും വേണ്ടിയിരുന്നില്ല. സര്‍ഖാവിയുടെ ഗ്രൂപ്പ് അല്‍ഖാഇദയില്‍ ലയിച്ചു. സദ്ദാമിനെ സംരക്ഷിക്കാനെന്ന പേരില്‍ കൂടുതല്‍ സുന്നി (ശിയേതരമെന്ന അര്‍ഥത്തില്‍)വംശജരെ ആയുധമണിയിക്കാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് സാധിച്ചു. 2003ല്‍ അമേരിക്ക പിന്‍വാങ്ങിയപ്പോള്‍ സായുധരായ നിരവധി തീവ്രവാദ സംഘങ്ങള്‍ പ്രത്യേകിച്ച് “ദൗത്യ”ങ്ങളൊന്നുമില്ലാതെ ഇറാഖില്‍ ഉഴറിനില്‍ക്കുന്നുണ്ടായിരുന്നു. ഇവിടെ ശീഈ പാവ സര്‍ക്കാറിനെ നിയോഗിച്ച് അമേരിക്ക തടിയൂരുമ്പോള്‍ സുന്നി വംശീയത പടര്‍ത്താന്‍ ഈ തീവ്ര ഗ്രൂപ്പുകള്‍ക്ക് വേദിയൊരുങ്ങുകയാണ് ചെയ്തത്. “അല്‍ ഖാഇദ ഇറാഖി”ന് നിരവധി സുന്നി ഗോത്ര ഗ്രൂപ്പുകളുടെ പിന്തുണ ആര്‍ജിക്കാനായി. ഈ ഘട്ടത്തിലാണ് അബൂബക്കര്‍ അല്‍ബഗ്ദാദിയെന്ന പേര് ഉയര്‍ന്നു വരുന്നത്. തുടക്കത്തില്‍ അയാള്‍ അല്‍ഖാഇദയുടെ ബാനറിന് പിറകില്‍ തന്നെയായിരുന്നു. പിന്നെ 2012ല്‍ ഇറാഖിലുടനീളം നടന്ന ജയില്‍ ഭേദനങ്ങളാണ് അല്‍ഖാഇദയില്‍ നിന്ന് അടര്‍ന്ന് ദാഇശ് എന്ന പുതിയ രൂപം പ്രാപിക്കാന്‍ ബഗ്ദാദിക്കും കൂട്ടര്‍ക്കും ത്രാണി നല്‍കിയത്. പിന്നെ 2014ല്‍ ഖിലാഫത്ത് പ്രഖ്യാപനം. മുല്ലപ്പൂ വിപ്ലവം അരാജകത്വം വിതറിയ എല്ലായിടങ്ങളിലും വേരാഴ്ത്തി, മുസ്‌ലിം സമൂഹത്തെ ശിഥിലമാക്കുകയും രാക്ഷസീയ പ്രതിച്ഛായയില്‍ കുടുക്കിയിടുകയും ചെയ്യുകയെന്ന ദൗത്യം ഭംഗിയായി അത് നിര്‍വഹിച്ചു. കീഴടക്കിയിടത്തെല്ലാമുള്ള എണ്ണ സമ്പത്ത് ഊറ്റി. പുരാതന ശേഷിപ്പുകള്‍ വിറ്റും കോടികള്‍ കൊയ്തു. സാമ്രാജ്യത്വ ശക്തികള്‍ക്ക് തന്നെയാണ് ഈ കൊള്ളമുതല്‍ മുഴുവന്‍ വിറ്റതെന്നോര്‍ക്കണം.

തകര്‍ന്നത്
ഖിലാഫത്തോ?
സിറിയയില്‍ ഇസില്‍ പതനത്തിന്റെ വാര്‍ത്ത കൊടുത്ത ആഗോളമാധ്യമങ്ങള്‍ ഒരു കാര്യം കൂടി വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചു: “സിറിയയിലെ അവസാന ശക്തി കേന്ദ്രവും കൈവിട്ടതോടെ അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഖാലിഫേറ്റും അസ്തമിച്ചു”വെന്ന്. ഇസില്‍ സംഘം മനുഷ്യരെ കൊന്നൊടുക്കിയും സ്വത്തുക്കള്‍ കൊള്ളയടിച്ചും പാരമ്പര്യ ശേഷിപ്പുകള്‍ തകര്‍ത്തെറിഞ്ഞും വളച്ചു കെട്ടിയെടുത്ത ചെറുഭൂവിഭാഗങ്ങളെ ഖിലാഫത്ത് എന്ന് വിളിക്കുന്നത് എത്ര ആഭാസകരമാണ്? അങ്ങനെ പ്രയോഗിച്ചു പോകാവുന്ന ആശയമാണോ ഖിലാഫത്ത്?

ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ദാഇശ്)എന്ന പേര് മാറ്റി ഐ എസ് എന്ന പേര് പ്രഖ്യാപിച്ചത് അബൂബക്കര്‍ അല്‍ബഗ്ദാദിയാണ്. ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍(ലെവന്ത്) ചേര്‍ത്ത് അഭിനവ ഖിലാഫത്ത് പ്രഖ്യാപനത്തോടെയായിരുന്നു ഇത്. ഈ പേര് ആഗോള മാധ്യമങ്ങള്‍ മുഴുവന്‍ ഏറ്റുപിടിച്ചു. ഖിലാഫത്ത് പ്രഖ്യാപനത്തെ അംഗീകരിക്കുന്നതിന് തുല്യമായിരുന്നു അത്. ഇസ്‌ലാമിനെ അവഹേളിക്കാന്‍ അവര്‍ ഇസില്‍ സംഘത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ചെയ്തത്. തീവ്രവാദികളാകട്ടെ, കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിലെ ഏറ്റവും തിളക്കമാര്‍ന്ന സംജ്ഞ തന്നെ എടുത്തു പയറ്റുകയും ചെയ്തു. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഏറ്റവും ആധുനികമായ ഉദാഹരണമായി നിക്ഷിപ്ത താത്പര്യം പുലര്‍ത്തുന്ന ബുദ്ധിജീവികള്‍ ഇസില്‍ തീവ്രവാദികള്‍ പ്രഖ്യാപിച്ച ഖിലാഫത്തിനെയാണ് ഇപ്പോള്‍ ഉദാഹരിക്കുന്നത്. ചരിത്രത്തില്‍ വേരുകളുള്ള ഇസ്‌ലാമിക മൂല്യങ്ങളെ വര്‍ത്തമാന കാലത്ത് നിരാകരിക്കാന്‍ ഇസിലടക്കമുള്ള ഇസ്‌ലാമിസ്റ്റ്, സലഫീ ഗ്രൂപ്പുകളെ കൃത്യമായി ഉപയോഗിക്കുകയാണ് ഈ പ്രൊപ്പഗാന്റക്കാര്‍ ചെയ്യുന്നത്. “നവോത്ഥാനം” സാധ്യമാകേണ്ടത് നിരപരാധികളുടെ ചോരയില്‍ നിന്നാകണമെന്ന് ഇബ്‌നു അബ്ദുല്‍ വഹാബ് കാണിച്ചു കൊടുത്തു. ഇസ്‌ലാമിക ഭരണക്രമമായി ആഘോഷിക്കാന്‍ യസീദികളുടെ ചോര ഒഴുക്കിക്കൊടുത്തു ഇസില്‍ സംഘം. തിരുനബിയുടെ അനുചരന്‍മാരാല്‍ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക ഖിലാഫത്തില്‍ ഇതരമത വിദ്വേഷവും മനുഷ്യക്കുരുതിയും നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇല്ല. ഇത് ദാഇശ് സംഘത്തിനും അറിയാം. അതറിയുമ്പോഴും അവര്‍ക്ക് മതത്തിന്റെ സംജ്ഞകള്‍ ഉപേക്ഷിക്കാനാകില്ല. വംശീയവും മതപരവുമായ അലകും പിടിയുമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ അവര്‍ മതത്തെ വക്രീകരിച്ചവരുടെ ആശയ സംഹിതകളില്‍ ആശ്രയം കണ്ടെത്തുന്നു. അബുല്‍ അഅ്‌ലാ മൗദൂദിയുടെയും ഇബ്‌നു വഹാബിന്റെയും ആശയധാരകളോടൊപ്പം ഇസില്‍ സംഘം ഒഴുകുന്നത് ഇവിടെയാണ്.

ഇസ്‌ലാമിലെ ഖിലാഫത്ത് ഒരിക്കലും അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നല്ല. അത് സിവിലിയന്‍മാര്‍ ആയുധമെടുത്തോ തെരുവിലിറങ്ങിയോ സ്ഥാപിക്കേണ്ടതുമല്ല. തീര്‍പ്പ് കല്‍പ്പിക്കാന്‍ ശേഷിയുള്ള മതപണ്ഡിത ശ്രേഷ്ഠരും നേതാവാകാന്‍ കെല്‍പ്പുള്ളവരും തമ്മിലുള്ള സംവാദങ്ങളില്‍ നിന്നാണ് ഖലീഫ ഉയര്‍ന്നു വരുന്നത്. തീര്‍ച്ചയായും എല്ലാവരും ആ പ്രക്രിയയില്‍ പങ്കാളിയല്ല. എന്നാല്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അവിടെ പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ട്. സര്‍വാംഗീകാരമാണ് ഖലീഫയുടെ മുഖമുദ്ര. അങ്ങനെയൊന്ന് രൂപപ്പെടുന്നില്ലെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ കൃത്രിമമായി ആരും ഇറങ്ങിപ്പുറപ്പെടേണ്ടതില്ല. അത്തരം അക്രമാസക്ത ശ്രമങ്ങള്‍ കലഹത്തിനും ശിഥിലീകരണത്തിനും മാത്രമേ വഴി വെക്കൂ. ഇവിടെയാണ് ഇസ്‌ലാമിസവും ഇസ്‌ലാമും വഴിപിരിയുന്നത്. അതുകൊണ്ട് സിറിയയില്‍ തകര്‍ന്നത് ഖാലിഫേറ്റല്ല, ഭീകരവാദികളുടെ “നരകരാഷ്ട്ര”മാണ്.

റമാദി, പാല്‍മിറ, കൊബാനി
2016ല്‍ തന്നെ ഇസിലിന്റെ പതനം തുടങ്ങിയിരുന്നു. ഇറാഖിലെ റമാദിയില്‍ നിന്ന് അവരെ തുരത്താന്‍ സാധിച്ചതോടെയായിരുന്നു അത്. ഖിലാഫത്ത് പ്രഖ്യാപനമെന്ന അധികപ്രസംഗത്തിന് ശേഷം ഇസില്‍ തീവ്രവാദികള്‍ “ഭരണസംസ്ഥാപനം” നടത്തിയ പ്രദേശങ്ങളിലൊന്നായിരുന്നു റമാദി. ഇവര്‍ ഭരിക്കാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ലോകത്തിന് വ്യക്തമായത് ഇവിടെ നിന്നാണ്. കൊള്ളമുതല്‍ സൂക്ഷിക്കാനുള്ള ഇടമായിരുന്നു ഇവര്‍ക്ക് ഈ ഭൂവിഭാഗം. അതിക്രൂരമായ മനുഷ്യക്കുരുതികള്‍ക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചു. സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുരത്തി ബശര്‍ അല്‍അസദിന്റെ സൈന്യം നിയന്ത്രണം ഏറ്റെടുത്തതായിരുന്നു മറ്റൊരു നാഴികക്കല്ല്.

സിറിയയിലെ തന്നെ വടക്കന്‍ അലപ്പോ മേഖലയിലും ഇസിലിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഫ്രീ സിറിയന്‍ ആര്‍മിയെന്ന് വിളിക്കപ്പെടുന്ന വിമത സൈനികരാണ് ഇവിടെ ഇസില്‍ തീവ്രവാദികളെ വെല്ലുവിളിച്ചത്. കൊബാനി മേഖലയിലും ഇറാഖിലെ സിന്‍ജാര്‍ തുടങ്ങിയ മേഖലകളിലും കുര്‍ദ് സംഘങ്ങളാണ് ഇസിലിനെതിരെ പട നയിച്ചത്.

ഭീകരവാദികള്‍ തളരുന്നുവെന്ന് ആശ്വസിക്കുമ്പോഴും ചില വസ്തുതകള്‍ വാ പിളര്‍ന്ന് നില്‍ക്കുന്നുണ്ട്. ഒന്നാമതായി ഈ വിജയങ്ങളൊന്നും ആഭ്യന്തരമായ ശേഷിയിലല്ല നേടിയത്. ഭീകരവിരുദ്ധ ദൗത്യത്തിന്റെ തോണി ഇരു ദിശയിലേക്ക് തുഴയുന്ന സമീപനം റഷ്യയും അമേരിക്കയും തത്കാലം മാറ്റിവെച്ചതിന്റെ ഫലമാണത്. നിരവധി ഗൂഢ ലക്ഷ്യങ്ങളുമായാണ് ഈ ശക്തികള്‍ ഇറാഖിലും സിറിയയിലും ലിബിയയിലുമൊക്കെ ഇടപെടുന്നത്.

സിറിയന്‍ പ്രസിഡന്റിനെ താഴെയിറക്കുകയെന്നതാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും പ്രധാന ലക്ഷ്യം. റഷ്യയാകട്ടെ അദ്ദേഹത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ ഇസില്‍ സംഘം അതിന്റെ ശിഥിലീകരണ, സംഹാര ദൗത്യം നിര്‍ബാധം തുടരുകയാണ് ചെയ്തത്. ഇടക്കാലത്ത് ഈ വന്‍ ശക്തികള്‍ ദാഇശിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. അതുകൊണ്ട് ഇക്കൂട്ടര്‍ പഴയ നിലയിലേക്ക് ചുവട് മാറുന്നത് വരെ മാത്രമാണ് ഈ വിജയങ്ങളുടെ ആയുസ്സ്. കുര്‍ദുകള്‍, വിമതര്‍, ശിയാ ഗ്രൂപ്പുകള്‍, ബശറിന്റെ സൈന്യം എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ഇസില്‍വിരുദ്ധ നീക്കം പുരോഗമിക്കുന്നത് എന്നതിനാല്‍ അതത് ഗ്രൂപ്പുകള്‍ കീഴടക്കുന്നിടത്ത് അവരവരുടെ ഭരണ സംവിധാനം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ദീര്‍ഘകാലത്ത് ഇത് രാഷ്ട്രത്തെ ദുര്‍ബലമാക്കുന്നതിലാണ് കലാശിക്കുക.
ഇപ്പോള്‍ എസ് ഡി എഫ് നേടിയ വിജയം വിശകലനം ചെയ്താല്‍ ഇത് വ്യക്തമാകും. കുര്‍ദുകളാണ് ഈ സംഘത്തിന്റെ നട്ടെല്ല്. ഇവര്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. അമേരിക്ക സിറിയയില്‍ നിന്ന് സമ്പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കുര്‍ദ് ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ നടക്കുന്ന തുര്‍ക്കി ഇത് അവസരമായി ഉപയോഗിക്കും. യു എസിന്റെ സംരക്ഷണവലയം നഷ്ടമായ കുര്‍ദ് ഗ്രൂപ്പുകള്‍ക്ക് തുര്‍ക്കിയുടെ ആക്രമണം താങ്ങാനാകില്ല. അവ ശിഥിലമാകും. ഇത് ഫലത്തില്‍ ഇസില്‍ സംഘത്തിനാകും ഗുണം ചെയ്യുക.

“ഖിലാഫ”ത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്ന് അബൂബക്കര്‍ അല്‍ബഗ്ദാദി വിശേഷിപ്പിച്ച പ്രദേശങ്ങളില്‍ ഇസില്‍ സംഘത്തിന് തിരിച്ചടി നേരിടുമ്പോഴും തുര്‍ക്കിയിലും ഫ്രാന്‍സിലും ബ്രസല്‍സിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്തോനേഷ്യയിലുമൊക്കെ ഭീതി വിതക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുവെന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. വന്‍ ശക്തികള്‍ ഇടപെട്ട് താറുമാറാക്കിയ ലിബിയയില്‍ സ്വാധീനം വ്യാപിപ്പിക്കാനും ദാഇശിന് സാധിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഈ സംഘത്തിന് സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പരോക്ഷവും പ്രത്യക്ഷവുമായ പിന്തുണ അവസാനിപ്പിക്കാത അവയെ പരാജയപ്പെടുത്താനാകില്ല. രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശം വകവെച്ച് കൊടുത്ത് അവയെ ശാക്തീകരിക്കുകയാണ് എല്ലാ ശിഥിലീകരണ പ്രവണതകളുടെയും ആത്യന്തിക പരിഹാരം.

വെള്ളക്കാരുടെ സര്‍വാധീശത്വത്തിനായി വാദിക്കുന്ന തീവ്ര വലതുപക്ഷ ഭീകരന്‍മാര്‍ക്ക് മുസ്‌ലിംകള്‍ക്കെതിരെ ആക്രോശിക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള അവസരമാണല്ലോ ഇസില്‍ സംഘങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. അതുകൊണ്ട് ഇവയെ ഉന്‍മൂലനം ചെയ്യുകയെന്ന ദൗത്യത്തില്‍ വന്‍ ശക്തികള്‍ സമ്പൂര്‍ണ ആത്മാര്‍ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. മത പരിഷ്‌കരണ, മത രാഷ്ട്രവാദ പ്രത്യയശാസ്ത്രങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന അപകടകരമായ ആശയ പ്രപഞ്ചം ഉള്ളിടത്തോളം കാലം ഭീകരവാദികള്‍ക്ക് ഇസ്‌ലാമിക സംജ്ഞകളെ വളച്ചൊടിക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest