സൂര്യാതപ മുന്നറിയിപ്പ് അവഗണിക്കുന്നു; നടപടിയുമായി തൊഴിൽ വകുപ്പ്

Posted on: March 26, 2019 9:49 am | Last updated: March 26, 2019 at 9:49 am
സൂര്യാതപ മുന്നറിയിപ്പ് അവഗണിച്ച് കടുത്ത വെയിലിൽ ജോലി ചെയ്യുന്ന കൊച്ചി നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കുന്നു

കൊച്ചി: ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജോലി സമയം തൊഴിൽ വകുപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ച് തൊഴിലാളികളെക്കൊണ്ട്് പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തൊഴിൽ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം വിവിധ കെട്ടിട നിർമാണ സ്ഥലങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.സൂര്യാതപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് തൊഴിൽ വകുപ്പ് സ്‌ക്വാഡ് ഇടപെട്ട് നിർത്തിക്കുകയും ചെയ്തു.

വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വെയിലത്ത് പണിയെടുക്കുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമിക്കാനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. ഏപ്രിൽ 30 വരെ നിർദേശം പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പകൽ സമയങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരക്കാരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു.
സംസ്ഥാനത്ത് പകൽ സമയം താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷൻ ഉത്തരവിട്ടത്.

വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്കു സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കാനാണിത്. 1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയം ഇന്നലെ കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ മുന്നറിയിപ്പ് അവഗണിച്ച് ജോലി ചെയ്യുന്നത് നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫീസർ വി ബി ബിജു അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.