സഹജീവികൾക്കായി വീട്ടുവളപ്പിൽ കുടിവെള്ളം കരുതണം: മുഖ്യമന്ത്രി

Posted on: March 26, 2019 9:39 am | Last updated: March 26, 2019 at 9:39 am

തിരുവനന്തപുരം: സംസ്ഥാനം കൊടും ചൂടിൽ ഉരുകുന്ന സമയത്ത് സഹജീവികളെയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പക്ഷിമൃഗാദികളെ പരിഗണിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചത്. വീട്ടു വളപ്പിൽ ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വെള്ളം വെച്ചാൽ പക്ഷിമൃഗാദികൾക്ക് അത് ഗുണകരമാകുമെന്നും നമ്മുടെ ചെറിയ പ്രവൃത്തി ജീവൻ സംരക്ഷിക്കാൻ ഗുണകരമാകുമെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിക്കുകയും സംസ്ഥാനത്തെ താപനില വലിയ രീതിയിൽ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.