വിവിപാറ്റ് സ്ളിപ്പുകൾ എണ്ണുന്നത് വർധിപ്പിക്കണം: സുപ്രീം കോടതി

Posted on: March 25, 2019 7:54 pm | Last updated: March 26, 2019 at 9:35 am

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി ഒത്തുനോക്കുന്നത് വര്‍ധിപ്പിക്കണമെന്ന് സുപ്രീം കോടതി. വര്‍ധിപ്പിക്കാനാകില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കി മൂന്ന് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റിലെ 50 ശതമാനം സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ സ്വന്തം തീരുമാനമനുസരിച്ചാണ് ഇപ്പോള്‍ വിവിപാറ്റ് എണ്ണുന്നത്. ഇത് വര്‍ധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നെന്ന് വിശ്വസിക്കുന്നതിനുള്ള കാരണങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നിന്കേസില്‍ വാദം കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ കോടതിയെ സഹായിക്കാന്‍ ഒരു മുതിര്‍ന്ന ഓഫീസറെ ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി ഏപ്രില്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.