വയനാടൻ സ്ഥാനാർഥിത്വം: തന്ത്രം പാളുന്നു; ക്രെഡിറ്റെടുക്കാൻ ശ്രമിച്ചത് വിനയായി

സ്വന്തം ലേഖകൻ
Posted on: March 25, 2019 6:09 pm | Last updated: March 25, 2019 at 6:09 pm

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തുന്നുവെന്ന പ്രചാരണത്തിലൂടെ സംസ്ഥാന നേതാക്കൾ നടത്തിയ തന്ത്രം പാളുന്നു. കേരളത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി സമ്മതിച്ചുവെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ പറഞ്ഞിരുന്നെങ്കിലും ദേശീയ നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് കോൺഗ്രസ് ദേശീയ വക്താവ് പി സി ചാക്കോ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. കേരളം ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കർണാടക, തമിഴ്‌നാട് നേതാക്കൾ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഉത്തരേന്ത്യയിലെ അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു സീറ്റിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നത് ദേശീയ നേതൃത്വം ആലോചിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾക്ക് സൂചന നൽകുകയും ചെയ്തിരുന്നു.

ഇക്കാര്യം ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലിരിക്കേ, രാഹുലിനെ തങ്ങൾ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും തങ്ങളുടെ ആവശ്യം അംഗീകരിച്ചെന്നുമുള്ള രീതിയിൽ പ്രചാരണം നടത്തി ഇതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള നീക്കമാണ് സംസ്ഥാന നേതാക്കൾ നടത്തിയത്. പ്രചാരണത്തിന് ആക്കം കൂട്ടാൻ വയനാട്ടിലെ സ്ഥാനാർഥിയുടെ പിന്മാറ്റമുൾപ്പെടെ നടപ്പിലാക്കിയെങ്കിലും ഇക്കാര്യത്തിൽ ദേശീയ നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

നിലവിൽ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ പരിഗണിക്കപ്പെടുന്നതിനപ്പുറം കേരളത്തിലെ സാന്നിധ്യത്തിന് വലിയ പ്രാധാന്യമൊന്നും ദേശീയ നേതൃത്വം നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാന നേതൃത്വം വളരെ തന്ത്രപരമായ പ്രചാരണത്തിലൂടെ തങ്ങളുടെ മിടുക്കായി സ്ഥാപിച്ചെടുക്കാനുള്ള നീക്കമായാണ് ഇതിനെ അവതരിപ്പിച്ചത്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാത്തത് കേരള നേതാക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഉടൻ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പ്രചാരണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടിട്ടും ദേശീയ നേതൃത്വം ഇക്കാര്യം ഗൗരവമായി പരിഗണിക്കാത്തതാണ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
പാർട്ടിയിലെ ആഭ്യന്തര കലാപം മറച്ചുപിടിക്കാനുള്ള നീക്കം കൂടിയാണ് രാഹുലിന്റെ സ്ഥാനാർഥി പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്. നിർണായക തിരഞ്ഞെടുപ്പിനൊരുങ്ങുന്പോൾ സംസ്ഥാന താത്പര്യം മാത്രം പരിഗണിച്ച് തീരുമാനമെടുക്കാനാകില്ലെന്നാണ് കേന്ദ്ര നേതാക്കൾ നൽകുന്ന സൂചന.