ദാഹിച്ചു വലയുന്ന സഹജീവികള്‍ക്കു വേണ്ടിയും അല്‍പം വെള്ളം കരുതണം: മുഖ്യമന്ത്രി

Posted on: March 25, 2019 10:29 am | Last updated: March 25, 2019 at 2:50 pm

തിരുവനന്തപുരം: കനത്ത ചൂടില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടു പറമ്പില്‍ വെള്ളം കിട്ടാനുള്ള സൗകര്യമുണ്ടാക്കുന്നത് പക്ഷിമൃഗാദികള്‍ക്ക് വലിയ ആശ്വാസമാവും. വനത്തിലെ ജലക്ഷാമം കണക്കിലെടുത്ത് അവിടെ കുളങ്ങളും മറ്റും നിര്‍മിച്ച് വെള്ളം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. എങ്കിലും ചൂട് വര്‍ധിക്കുന്നതിനനുസരിച്ച് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘കടുത്ത ചൂട് നമ്മെ മാത്രമല്ല, സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. സഹജീവികളെയും പരിഗണിക്കേണ്ട സമയമാണിത്. ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വെള്ളം വെക്കുന്നത് പക്ഷിമൃഗാദികള്‍ക്ക് ഉപകാരപ്പെടും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവന്‍ തന്നെ രക്ഷിച്ചേക്കാം.’- കുറിപ്പില്‍ പറഞ്ഞു.

കാട്ടിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും ചൂടിന്റെ ആധിക്യത്താന്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.