Connect with us

Ongoing News

കത്തിപ്പടര്‍ന്ന് റസല്‍; ആറു വിക്കറ്റ് ജയവുമായി കൊല്‍ക്കത്ത

Published

|

Last Updated

കൊല്‍ക്കത്ത: ആേ്രന്ദ റസലിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും അവസാന ഓവറുകളിലെ പന്താടലില്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന്റെ ജയമാണ് കൊല്‍ക്കത്ത നേടിയത്. ഹൈദരാബാദ് മുന്നോട്ടുവച്ച 181 റണ്‍സ് നാലു പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. അവസാനത്തെ 12 പന്തില്‍ 34 എന്ന വലിയ ലക്ഷ്യം റസലിന്റെയും ഗില്ലിന്റെയും കൂട്ടുകെട്ടില്‍ നിഷ്പ്രഭമായി പോവുകയായിരുന്നു. റസല്‍ 19 പന്തില്‍ 49ലേക്കു പറന്നപ്പോള്‍ 10 പന്തില്‍ 18 ആണ് ഗില്ലിന്റെ സമ്പാദ്യം.

രണ്ടാം ഓവറില്‍ തന്നെ ഏഴു റണ്‍സെടുത്തിരുന്ന ഓപ്പണര്‍ ക്രിസ് ലിന്നിന്റെ വിക്കറ്റ് കൊല്‍ക്കത്തക്കു നഷ്ടമായി. എന്നാല്‍, പിന്നീടെത്തിയ നിധീഷ് റാണയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് അതിവേഗം 80 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. റാണ 47ല്‍ 68ഉം ഉത്തപ്പ 27ല്‍ 35ഉം റണ്‍സെടുത്തു. ഇവര്‍ മടങ്ങിയതോടെ എത്തിയ നായകന്‍ ദിനേഷ് കാര്‍ത്തിക് രണ്ടു റണ്‍സിനു തിരികെ പോയി. പിന്നീടാണ് റസലും ഗില്ലും തകര്‍ത്താടിയത്. റാഷിദ് ഖാന്‍, സിദ്ദാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ, ഷാക്കിബുല്‍ ഹസന്‍ എന്നിവര്‍ ഹൈദരാബാദിനു വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസ് താരം ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചതിലെ മുഖ്യ ശില്‍പി. 53 പന്തില്‍ ഒമ്പതു ബൗണ്ടറിയുടെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 85 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 35ല്‍ 39 നേടിയ ജോണി ബെയര്‍സ്‌റ്റോയും 24ല്‍ പുറത്താകാതെ 40 എടുത്ത വിജയ് ശങ്കറുമാണ് ഹൈദരാബാദിനു വേണ്ടി മികച്ച പ്രകടനം നടത്തിയ മറ്റു ബാറ്റ്‌സ്മാന്മാര്‍. ആന്ദ്രേ റസല്‍ രണ്ടും പിയൂഷ് ചൗള ഒന്നും വിക്കറ്റുകള്‍ നേടി.