ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ഇതുവരെ 50 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു

Posted on: March 24, 2019 9:39 pm | Last updated: March 24, 2019 at 9:40 pm

മക്ക: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 50 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു, കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഹജ്ജിന് ശേഷം 50,39,885 വിസകളാണ് ഹജ്ജ് മന്ത്രാലയം അനുവദിച്ചത്. 45,53,427 പേര്‍ പുണ്യഭൂമികളിലെത്തി. 40,80,528 പേര്‍ ഉംറ നിര്‍വഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.

തീര്‍ഥാടകരുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഉംറക്ക് അപേക്ഷിച്ച എല്ലാ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും വിസ അനുവദിച്ചിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴി ഉംറ വിസ ലഭ്യമാവുന്ന പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു. വിസ ലഭിച്ചു കഴിഞ്ഞാല്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് തന്നെ തീര്‍ഥാടകര്‍ക്ക് ലഭ്യമായ സേവനങ്ങളും സഊദിയില്‍ സേവനം ചെയ്യുന്ന സ്ഥാപനങ്ങളേയും തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.