സ്‌പെഷ്യല്‍ ഒളിംപിക്‌സ്: ഇത്തിഹാദ് എയര്‍ ലൈന്‍ 4000 അത്‌ലറ്റുകളെ സ്വീകരിച്ചു

Posted on: March 24, 2019 1:16 pm | Last updated: March 24, 2019 at 1:16 pm

അബുദാബി : സ്‌പെഷ്യല്‍ ഒളിംപിക്‌സിനായി യു എ ഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍ ലൈന്‍
4000 അത്‌ലറ്റുകളെ സ്വീകരിച്ചതായി ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. സ്‌പെഷ്യല്‍ ഒളിംപിക്‌സ് അബുദാബിയുടെ ഔദ്യോഗിക പങ്കാളിയായിരുന്നു ഇത്തിഹാദ് എയര്‍ലൈന്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 4000 അത്‌ലറ്റുകളേയും,100 ലധികം രാജ്യങ്ങളില്‍ നിന്നും ടീം അംഗങ്ങളെയുമാണ് ഇത്തിഹാദ് കൈകാര്യം ചെയ്തത്. സ്‌പെഷ്യല്‍ ഒളിംപിക്‌സിനായി 500 ലധികം ജീവനക്കാര്‍ 1500 മണിക്കൂറാണ് സന്നദ്ധ സേവകരായി പ്രവര്‍ത്തിച്ചത്.

ഇത്തിഹാദ് എയര്‍ലൈന്‍ കാബിന്‍ ക്രൂ, ഇത്തിഹാദ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ഗെയിംസ് മുഴുവന്‍ സന്നദ്ധ സേവകരായി ഓരോ മെഡല്‍ ചടങ്ങിലും പങ്കെടുത്തു. 24 സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകള്‍ക്ക് പതിനായിരത്തിലധികം മെഡലുകള്‍ ഇത്തിഹാദ് നല്‍കി. മൈലേജ് സംഭാവന പരിപാടി വഴി ഇത്തിഹാദ് എയര്‍ ലൈന്‍ സ്‌പെഷല്‍ ഒളിംപിക്‌സ് അതിഥി അംഗങ്ങള്‍ക്ക് 740,000 മൈല്‍സ് യാത്ര സൗജന്യമാക്കി. ആഗോള തലത്തില്‍ മത്സരിക്കുന്ന ലോകമെമ്പാടുനിന്നുള്ള അത്‌ലറ്റുകളെ സഹായിക്കുന്നതിനാണ് ഈ സംഭാവന നല്‍കിയത്. സ്‌പെഷല്‍ ഒളിംപിക്‌സില്‍ ഇത്തിഹാദിന്റെ മുഴുവന്‍ സ്ഥാപനങ്ങളും പങ്കാളിയായിട്ടുണ്ട്. ഞങ്ങളുടെ സംഭാവനയെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു.ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ ഇത്തിഹാദ് ടീം മെമ്പര്‍മാര്‍ യാത്രക്കാര്‍ക്ക് സ്വീകരണം നല്‍കുന്നതിനും യാത്രയാക്കുന്നതിനും ഉത്സാഹപൂര്‍വ്വം പിന്തുണച്ചു- ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഡഗ്ലസ് പറഞ്ഞു. ഫെബ്രുവരിയില്‍ ഇത്തിഹാദ് സ്‌പെഷല്‍ ഒളിംപിക്‌സ് ബ്രാന്‍ഡഡ് അവതരിപ്പിച്ചു.

സ്‌പെഷല്‍ ഒളിംപിക്‌സ് അബുദാബി അത്‌ലറ്റുകളുടെ മുഖമാണ് ഇത്തിഹാദ് ബോയിംഗ് 787 ഡ്രീംലൈനര്‍. സ്‌പെഷ്യല്‍ ഒളിംപിക്‌സ് പ്രചാരണം ആകാശത്തോളം ഉയരത്തില്‍ കൊണ്ടുവരികയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. സ്‌പെഷ്യല്‍ ഒളിംപിക്‌സ് പ്രചാരണവുമായി ഇത്തിഹാദ് എയര്‍ ലൈന്‍ ഈ മാസം ആദ്യം ആംസ്റ്റര്‍ഡാം, ഏഥന്‍സ്, ബാഴ്‌സലോണ, ജിദ്ദ, കോല ലംപൂര്‍, മാഞ്ചസ്റ്റര്‍, ഷാങ്ഹായ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. സൗദി എയര്‍ഷോ പ്രദര്‍ശനത്തിലും പങ്കെടുത്തിരുന്നു.