മോദിയേയും രാഹുലിനേയും ‘വീഴ്ത്താന്‍’ മലയാളി

Posted on: March 24, 2019 11:03 am | Last updated: March 24, 2019 at 11:03 am
ആശിൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും ഇരുവർക്കുമെതിരെ മത്സരിക്കാൻ മലയാളിയും. എറണാകുളം ചെറായി സ്വദേശി യു എസ് ആശിനാണ് പ്രമുഖർക്കെതിരെ കളത്തിലിറങ്ങുന്നത്. തൃശൂർ ആസ്ഥാനമായി 2011 മുതൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടി (ഐ ജി പി)യുടെ ദേശീയ തിരഞ്ഞെടുപ്പ് സംഘാടകനായ ആശിൻ ഇതേ പാർട്ടിയുടെ സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്.

ഇതര രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ രീതികളിൽ നിന്ന് വ്യത്യസ്തമായാണ് ആശിന്റെ പാർട്ടി പ്രചാരണം നടത്തുക. ഫ്ളക്‌സുകളോ പോസ്റ്ററുകളോ മറ്റ് പ്രചാരണ രീതികളോ ഉപയോഗിക്കില്ല. പൂർണമായും സോഷ്യൽ മീഡിയകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് പ്രചാരണം. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഐ ജി പി നേരത്തെ മത്സരിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ക്യാമ്പയിൻ വഴി രാജ്യത്തെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാൻ 500ൽ അധികം പേർ ഇതിനകം അപേക്ഷകൾ നൽകിയതായി ആശിൻ പറയുന്നു. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യമാണ് ആശിന്. ഗാന്ധിയൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയാണ് പാർട്ടിയുടെ പ്രവർത്തനം.