ഇതിലും വലിയ വാഗ്ദാനങ്ങള്‍ വന്നതാണ്; ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പിജെ കുര്യന്‍

Posted on: March 23, 2019 11:31 am | Last updated: March 23, 2019 at 2:01 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പിജെ കുര്യന്‍. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന സമയത്ത് ഇതിനേക്കാള്‍ വലിയ വാഗ്ദാനം വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയില്‍നിന്നും ആരുംതന്നെ കണ്ടിട്ടില്ല. മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിതന്നെ മത്സരിക്കാമായിരുന്നു. മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചപ്പോള്‍ മത്സരിക്കാനില്ലെന്നാണ് അറിയിച്ചത്. ബിജെപിക്ക് പുറമെ മറ്റ് പാര്‍ട്ടിയിലെ നേതാക്കളുമായും നല്ല ബന്ധമാണ്. എന്നതുകൊണ്ട് ആ പാര്‍്്ട്ടികളുടെയൊക്കെ സ്ഥാനാര്‍ഥിയാകാനാകുമോയെന്നും കുര്യന്‍ ചോദിച്ചു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ മര്യാദകേടാണ്. തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടുതല്‍ വോട്ടുകളോടെ വിജയിക്കുമെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.