ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചു

Posted on: March 22, 2019 8:09 pm | Last updated: March 22, 2019 at 10:25 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമത്തിലെയും നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. നേരത്തെ അറസ്റ്റിലായ യാസീന്‍ മാലിക്ക് ജമ്മുവിലെ കോത് ബല്‍വല്‍ ജയിലില്‍ കഴിയുകയാണ്.

‘ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ (യാസിന്‍ മാലിക് വിഭാഗം) 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. തീവ്രവാദത്തിനെതിരായ സര്‍ക്കാറിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമാണ് നിരോധനം’- കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ വ്യക്തമാക്കി. 1988 മുതല്‍ താഴ്‌വരയില്‍ വിഘടനവാദ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് ജെ കെ എല്‍ എഫ് എന്നും ഗോബ പറഞ്ഞു.

ജെ കെ എല്‍ എഫിനെതിരെ 37 എഫ് ഐ ആറുകളാണ് ജമ്മു കശ്മീര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യോമസേനാ വിഭാഗത്തിലെ സൈനികരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസും ഇതിലുള്‍പ്പെടും. 1990 ജനുവരി 25ന് അഞ്ച് വ്യോമ സൈനികരെ കൊലപ്പെടുത്തിയ കേസിലും 1989 ഡിസംബര്‍ എട്ടിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ ഡോ. റുബിയ സയീദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും മുഖ്യ പ്രതിയാണ് ജെ കെ എല്‍ എഫ് നേതാവ് യാസീന്‍ മാലിക്.

സംസ്ഥാനത്തെ മറ്റൊരു തീവ്രവാദ ഗ്രൂപ്പായ ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരിനെ ഈ മാസത്തിന്റെ തുടക്കത്തില്‍ കേന്ദ്രം നിരോധിച്ചിരുന്നു.