ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം: അന്വേഷണത്തിന് മുല്ലപ്പള്ളി നാളെ കോഴിക്കോട്; അനുനയ നീക്കവുമായി ചെന്നിത്തല

Posted on: March 22, 2019 2:01 pm | Last updated: March 22, 2019 at 7:11 pm


കോഴിക്കോട്: വയനാട് സീറ്റി സിദ്ധീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കും. അച്ചടക്ക ലംഘനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശനിയാഴ്ച കോഴിക്കോടെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അച്ചടക്കം ലംഘനം ബോധ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തുനില്‍ക്കാതെ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. രഹസ്യ യോഗം ചേര്‍ന്നതിനെതിരെ വിഎം സുധീരനും രംഗത്തുവന്നിരുന്നു. അതേ സമയം രഹസ്യ യോഗത്തിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്നും കര്‍ശന നടപടികളിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ചെന്നിത്തലയുടെ അറിവോടെയാണ് യോഗം ചേര്‍ന്നതെന്ന് ചിലര്‍ നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഏറെ ജയസാധ്യതയുള്ള വയനാട് സീറ്റ് എ ഗ്രൂപ്പ് തട്ടിയെടുത്തതില്‍ പ്രതിഷേധിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കൈക്കലാക്കാനുമാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേര്‍ന്നത്.