ഏഞ്ചല്‍ ഡി മരിയയുടെ തിരിച്ചുവരവ് വൈകും

Posted on: March 22, 2019 11:15 am | Last updated: March 22, 2019 at 11:15 am
ഏഞ്ചല്‍ ഡി മരിയ

പാരീസ്: അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡിമരിയയുടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഇന്നുണ്ടാകില്ല. വെനിസ്വേല, മൊറോക്കോ എന്നിവര്‍ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ നിന്നും താരം പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണിത്.
ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിക്കു വേണ്ടി കളിക്കുന്നതിനിടെ പേശിക്കറ്റ പരിക്കാണ് ഡിമരിയയുടെ മടങ്ങിവരവ് നീട്ടിയത്.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പിനു ശേഷം അര്‍ജന്റീന ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരങ്ങള്‍.

ഡി മരിയ മാത്രമല്ല മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെയും ലോകകപ്പിനു ശേഷമുള്ള തിരിച്ചുവരവാണ് നടക്കാനിരിക്കുന്ന സൗഹൃദ പോരാട്ടങ്ങള്‍. ഈ സീസണില്‍ പിഎസ്ജിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഡിമരിയ കാഴ്ചവയ്ക്കുന്നത്.
വിവിധ ടൂര്‍ണമെന്റുകളിലായി ഈ സീസണില്‍ 14 ഗോളുകള്‍ നേടിയ താരം 13 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 23ന് ശനിയാഴ്ച മാഡ്രിഡിലെ വാണ്ട മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയും തമ്മിലുള്ള സൗഹൃദ മല്‍സരം.
മൂന്നു ദിവസങ്ങള്‍ക്കു ശേഷം മൊറോക്കോയുമായും അര്‍ജന്റീന മാറ്റുരയ്ക്കും. ജൂണില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ മല്‍സരങ്ങള്‍.