Malappuram
കോൺഗ്രസ് - ലീഗ് സഖ്യത്തിനെതിരെ കോൺഗ്രസ് നേതാവിന്റെ പ്രതിഷേധം

കൽപകഞ്ചേരി: പൊന്നാനി പാർലിമെന്റ് മണ്ഡലത്തിലെ പൊന്മുണ്ടത്ത് മുസ്‌ലിം ലീഗ് – കോൺഗ്രസ് സഖ്യത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതാവ് രംഗത്ത്.
തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിന് കീഴ്‌പ്പെടുന്ന കോൺഗ്രസിനെതിരെ മണ്ഡലം കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം യൂനുസ് സലീമാണ് വൈലത്തൂരിൽ ഒറ്റയാൾ ഉപവാസ സമരം സംഘടിപ്പിച്ചത്.
തകർക്കാൻ കഴിയില്ല കോൺഗ്രസുകാരന്റെ ആത്മാഭിമാനം, അടിയറ വെക്കില്ല പ്രസ്ഥാനത്തിൻ ആദർശം എന്ന മുദ്രാവാക്യവുമായാണ് നേതൃത്വത്തിനെതിരെ യൂനുസിന്റെ പ്രതിഷേധം. പ്രവർത്തകരുടെ പിന്തുണയുണ്ടെന്ന പൂർണ വിശ്വാസത്തിലാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് വന്നതെന്ന് യൂനുസ് സലീം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്താണ് ഇത്തരം ഐക്യ നാടകങ്ങളുമായി നേതൃത്വം മുന്നോട്ടുവരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതെല്ലാം കാറ്റിൽ പറത്തുന്ന നിലപാടാണ് ഇതുവരെ ലീഗ് സ്വീകരിച്ചിട്ടുള്ളത്.
എം പി എന്ന നിലയിൽ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം വിലയിരുത്തിയാൽ ഇ ടി മുഹമ്മദ് ബശീർ തികഞ്ഞ പരാജയമാണെന്നും യൂനുസ് സലീം പറഞ്ഞു. അതേസമയം യൂനുസ് സലീമിന്റെ ആരോപണം യു ഡി എഫ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
അച്ചടക്ക ലംഘനത്തിന് യൂനുസ് സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് പുല്ലാട്ട് അറിയിച്ചു.