ജല ലഭ്യത കുറയുന്നു; മാറ്റമില്ലാതെ അമിത ഉപയോഗ ശീലം

Posted on: March 22, 2019 10:37 am | Last updated: March 22, 2019 at 10:37 am
എളമ്പുലാശ്ശേരി എ എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ജലസംരക്ഷണത്തിന്റെ ഭാഗമായി കിണ്ടി ഉപയോഗിച്ചു കൈ കഴുകുന്നു

തിരൂരങ്ങാടി: കൊടും വരള്‍ച്ചയില്‍ നാടും നഗരവും വറ്റിവരളുമ്പോഴും ജലത്തിന്റെ അമിത ഉപയോഗമെന്ന ദുശ്ശീലം പതിവാകുന്നു. കേരളീയ സമൂഹത്തിലാണ് ദുര്‍വ്യയം ശീലമായി പലരും കൊണ്ടു നടക്കുന്നത്. കുറഞ്ഞതോതിലുള്ള വെള്ളം ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് പോലും യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം പാഴാക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും കണ്ടു വരുന്നത്.

വരും ദിവസങ്ങളില്‍ രൂക്ഷമായ ജലക്ഷാമമാണ് കേരളം നേരിടാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെള്ളത്തിന്റെ ഉപയോഗത്തില്‍ കാര്യമായ നിയന്ത്രണം വരുത്താതിരുന്നാല്‍ ജലക്ഷാമം പതിന്‍മടങ്ങ് വര്‍ധിക്കുമെന്നും പറയുന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണ പരിപാടികള്‍ പല വിദ്യാലയങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ടാപ്പ് പൂര്‍ണമായി തുറന്നിട്ട് വെള്ളം ഉപയോഗിക്കുന്നതടക്കമുള്ള ജലം പാഴാക്കുന്ന രീതി ഒഴിവാക്കാനും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.