എന്ത് കച്ചവടം നടത്തിയാലും യു ഡി എഫ് രക്ഷപ്പെടില്ല: മുഖ്യമന്ത്രി

Posted on: March 21, 2019 3:53 pm | Last updated: March 21, 2019 at 10:04 pm

കണ്ണൂര്‍: മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ നാല് വോട്ടിന് വേണ്ടി മാറ്റാനുള്ളതല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി പല തരത്തിലുള്ള കച്ചവടങ്ങളും യു ഡി എഫ് അണിയറയില്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു കച്ചവടത്തിലൂടെയും നിങ്ങള്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ഞ്ചരക്കണ്ടിയിലും ഇരിവേരിയിലും എല്‍ ഡി എഫ് കുടുംബ സംഗമങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് നടക്കുന്നത്. ആര്‍ എസ് എസുമായും എസ് ഡി പി ഐയുമായും സഖ്യത്തിന് ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍. ഇവരെ മതനിരപേക്ഷമെന്ന ഗണത്തിലും പെടുത്താമെന്നാണ് യു ഡി എഫ് പക്ഷം. യു ഡി എഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നത്.

കോലീബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മതനിരപേക്ഷതക്ക് വേണ്ടിയുള്ള ദൃഢമായ പ്രതിജ്ഞയാവണം തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.