ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുക; ഇല്ലെങ്കില്‍ പ്രത്യാഘാതത്തിന് തയാറാവുക- പാക്കിസ്ഥാനോട് യു എസ്

Posted on: March 21, 2019 11:00 am | Last updated: March 21, 2019 at 12:16 pm

വാഷിംഗ്ടണ്‍: ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് അമേരിക്ക. ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ സാരമായ ഭവിഷ്യത്തുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും യു എസ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് ജയ്ഷ്വ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്യിബ തുടങ്ങിയ ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ പാക്കിസ്ഥാന്‍ കര്‍ശനവും സ്ഥായിയുമായ നടപടികളെടുക്കണം- വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

നടപടികള്‍ സ്വീകരിക്കാത്തതിന്റെ ഭാഗമായി വീണ്ടുമൊരു ഭീകരാക്രമണമുണ്ടാകുന്നത് ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അത് പാക്കിസ്ഥാന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും-പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബലാക്കോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ തുടര്‍ച്ചയായ നടപടികളാണ് യു എസും അന്താരാഷ്ട്ര സമൂഹവും ആഗ്രഹിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി.