കൊലീബിയല്ല, കൊലീആര്‍ബി; കടത്തനാടന്‍ പോരിലെ ‘രഹസ്യബാന്ധവങ്ങള്‍’

നേരത്തെ വടകരയിലും ബേപ്പൂരിലും തിരഞ്ഞെടുപ്പുകളിലുണ്ടായ കോ- ലി -ബി സഖ്യം ഇത്തവണ നിലവില്‍ വന്നുകഴിഞ്ഞതായാണ് ഇടത് അനുകൂലികള്‍ പറയുന്നത്. വടകരയില്‍ നിന്നുള്ള ചില പ്രദേശിക റിപ്പോര്‍ട്ടുകളും ഇത് ശരിവെക്കുന്നു. എന്നാല്‍ ന്യൂനപക്ഷവോട്ടില്‍ കുറച്ചെങ്കിലും നേടിയെടുക്കുക എന്നതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന്് പറഞ്ഞ് യു ഡി എഫ് പ്രതിരോധം തീര്‍ക്കുന്നു. മാറാട് കൂട്ടക്കൊലയിലെ പ്രതികളെ രക്ഷിക്കാന്‍ ചരടുവലിച്ചയാളാണ് മുരളീധരനെന്നും അദ്ദേഹം ജയരാജനെപ്പോലെ ശത്രുവാണെന്നും ബി ജെ പി പ്രവര്‍ത്തകരും പറയുന്നു.
Posted on: March 20, 2019 4:30 pm | Last updated: March 20, 2019 at 8:12 pm

കോഴിക്കോട്: പി ജയരാജനെതിരെ കെ മുരളീധരന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടകരയിലെ അടിയൊഴുക്കള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. തിരഞ്ഞെടുപ്പില്‍ പല രഹസ്യ ബാന്ധവവും വടകരയില്‍ ഇത്തവണയുണ്ടാകുമെന്നാണ് വര്‍ഷങ്ങളായി കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിലയിരുത്തുന്ന പലരും ചൂണ്ടിക്കാട്ടുന്നത്. നിരവധി സാഹചര്യ തെളിവുകളും ഉണ്ട്. സോഷ്യല്‍ മീഡിയകളില്‍ വടകരയിലെ അവകാശവാദവുമായി ഇരു മുന്നണികളുടെയും അണികള്‍ പോരടിക്കുകയാണ്.

നേരത്തെ വടകരയിലും ബേപ്പൂരിലും തിരഞ്ഞെടുപ്പുകളിലുണ്ടായ കോ- ലി -ബി സഖ്യം ഇത്തവണ നിലവില്‍ വന്നുകഴിഞ്ഞതായാണ് ഇടത് അനുകൂലികള്‍ പറയുന്നത്. വടകരയില്‍ നിന്നുള്ള ചില പ്രദേശിക റിപ്പോര്‍ട്ടുകളും ഇത് ശരിവെക്കുന്നു. എന്നാല്‍ ന്യൂനപക്ഷവോട്ടില്‍ കുറച്ചെങ്കിലും നേടിയെടുക്കുക എന്നതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന്് പറഞ്ഞ് യു ഡി എഫ് പ്രതിരോധം തീര്‍ക്കുന്നു. മാറാട് കൂട്ടക്കൊലയിലെ പ്രതികളെ രക്ഷിക്കാന്‍ ചരടുവലിച്ചയാളാണ് മുരളീധരനെന്നും അദ്ദേഹം ജയരാജനെപ്പോലെ ശത്രുവാണെന്നും ബി ജെ പി പ്രവര്‍ത്തകരും പറയുന്നു.

പി ജയരാജനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജന്‍ഡയില്‍ വടകരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ആര്‍ എം പി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ വടകയിലെ സഖ്യം കോ- ലി ആര്‍- ബിയായി മാറിയെന്ന് സി പി എം അനുഭാവികള്‍ പറയുന്നു. ബി ജെ പിക്ക് ഒരു സാധ്യതയുമില്ലാത്ത മണ്ഡലങ്ങളില്‍ പോലും ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമ്പോള്‍ വടകരയില്‍ താരതമ്മ്യേന ദുര്‍ഭലനാണ് മത്സരിക്കുന്നതെന്നാണ് ആരോപണം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി ജെ പിയുടെ സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ രംഗത്തിറങ്ങാനാണ് സാധ്യത. എന്നാല്‍ എം ടി രമേശും പി കെ കൃഷ്ണദാസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒരു മണ്ഡലത്തിലും മത്സരിക്കാതെ മാറിനില്‍ക്കുകയാണ്. മുരളീധരന്‍ യു ഡി എഫിനായി രംഗത്തിറങ്ങിയത് പോലെ ഇവരില്‍ ആരെങ്കിലും ഒരാളെ വടകരയില്‍ ഇറക്കി രാഷ്ട്രീയ പോരാട്ടത്തിന് എന്തുകൊണ്ട് ബി ജെ പി തയ്യാറാകുന്നില്ലെന്ന് ഇടത് അനുഭാവികള്‍ ചോദിക്കുന്നു. കൃത്യമായ അജന്‍ഡ ഇതിന്റെ പിന്നിലുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് ബി ജെ പി പിന്തുണയാണെന്ന് കഴിഞ്ഞ ദിവസം മനോരമയുടെ ഇംഗ്ലീഷ് ഓണ്‍ലൈനില്‍ വന്ന വിശകലനം ഇടത് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വടകരയില്‍ മുരളീധരനെ ജയിപ്പിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ പ്രത്യുപകാരം ചെയ്യാമെന്ന ധാരണയാണ് മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്നാണ് വിശകലനം.

വടകര പാര്‍ലിമെന്റ് മണ്ഡലത്തിന് കീഴിലെ അസംബ്ലി മണ്ഡലങ്ങളില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നടത്തിയ മുന്നേറ്റമാണ് കോണ്‍ഗ്രസിനെ സഖ്യത്തിന് പ്രേരിപ്പിച്ചതെന്നും പി ജയരാജനുമായി തലശ്ശേരി, കൂത്ത്പറമ്പ് മേഖലകളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നിലനില്‍ക്കുന്ന ശത്രുതയും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും മനോരമ പറയുന്നു. ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വോട്ടുകള്‍ ചോരുന്നത് മുരളീധരനെപോലെ ശക്തനായ ഒരു സ്ഥാനാര്‍ഥി മത്സരിച്ചതിനാലാണെന്ന് പറഞ്ഞ് ബി ജെ പിക്ക് ന്യായീകരിക്കാന്‍ കഴിയുമെന്നും മനോരമ പറയുന്നു. വടകരയില്‍ പിന്തുണച്ചാല്‍ മുരളീധരന്റെ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി ജെ പിയെ പിന്തുണക്കുമെന്നും മനോരമ അനുമാനിക്കുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അജന്‍ഡ നിര്‍ണയിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇടത് ആരോപണങ്ങളെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു. ജയരാജനെതിരായ കേസുകളും അക്രമ രാഷ്ട്രീയവും പ്രചാരണങ്ങളില്‍ നിന്ന് മായ്ച്ചുകളയുകയാണ് ലക്ഷ്യം.. ഒപ്പം ബി ജെ പിയെ മുന്‍നിര്‍ത്തി ന്യനൂപക്ഷ വോട്ടുകളില്‍ ഒരു വിഭാഗം കൈക്കലാക്കുകയും.

എന്നാല്‍ സംസ്ഥാനത്ത് മുഴുവന്‍ മണ്ഡലങ്ങളിലും വോട്ട് വര്‍ധിക്കുമ്പോള്‍ വടകരയില്‍ മാത്രം പാര്‍ട്ടി പിന്നില്‍ പോകില്ലെന്ന് ബി ജെ പി പറയുന്നു. ഇപ്പോള്‍ സ്ഥാനാര്‍ഥി ലിസ്റ്റിലുള്ള വി കെ സജീവ് തന്നെയാണ് കഴിഞ്ഞ തവണയും മത്സരിച്ചത്. കഴിഞ്ഞ തവണ നേടിയതിനേക്കള്‍ കൂടുതല്‍ വോട്ട് ഇത്തവണ നേടും. കെ മുരളീധരനും പി ജയരാജനും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രണ്ടാം മാറാട് കൂട്ടക്കൊല കേസില്‍ കെ മുരളീധരന്‍ എടുത്ത നിലപാടുകള്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മറക്കാനാകില്ല. അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ കേസുകള്‍ തേച്ച് മായ്ച്ചുകളയാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നിലെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ മുരളീധരനുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ രണ്ടാം മാറാട് കലാപത്തില്‍ കെ മുരളീധരന്‍ കൈക്കൊണ്ട നിലപാടുകള്‍ ചര്‍ച്ചയാക്കുമെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു.

– എ പി ശമീര്‍