നേതാക്കളുടെ കൂട്ടരാജി; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി പ്രതിസന്ധിയില്‍

Posted on: March 20, 2019 10:46 am | Last updated: March 20, 2019 at 12:58 pm

ഇറ്റാനഗര്‍: സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള പ്രമുഖ നേതാക്കളുടെ കൂട്ടരാജി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മന്ത്രിമാരുള്‍പ്പടെ 25 ബി ജെ പി നേതാക്കളാണ് അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടത്.

അരുണാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ രാജിയുണ്ടായത്. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി ജര്‍പൂം ഗാംബിന്‍, ആഭ്യന്തര മന്ത്രി കുമാര്‍ വായ്, വിനോദസഞ്ചാര വകുപ്പു മന്ത്രി ജര്‍കര്‍ ഗാംലിന്‍ എന്നിവരും ആറ് സിറ്റിംഗ് എം എല്‍ എമാരും രാജിവച്ചവരില്‍ ഉള്‍പ്പെടും. ഇവരെല്ലാം ബി ജെ പിയുടെ സഖ്യ കക്ഷിയായിരുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി)യില്‍ ചേര്‍ന്നു.

കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്ന് ആരോപിക്കുന്ന ബി ജെ പി സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് മൂന്ന് ടിക്കറ്റുകളാണ് നല്‍കിയിരിക്കുന്നതെന്ന് കുമാര്‍ വായ് ആരോപിച്ചു. നേരത്തെ ബി ജെ പിയുടെ സഖ്യ കക്ഷികളായിരുന്ന എന്‍ പി പി, എസ് കെ എം പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കാണ് ജനവിധി തേടുന്നത്. ഏപ്രില്‍ 11നാണ് അരുണാചലിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും 60 അംഗ സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്.