സഖ്യത്തിനില്ല; എ എ പിക്കെതിരായ നിലപാട് കടുപ്പിച്ച് ഷീല ദീക്ഷിത്

Posted on: March 19, 2019 7:08 pm | Last updated: March 19, 2019 at 10:18 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ എ പിയുമായി സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ മത്സരിക്കാന്‍ ശേഷിയുണ്ടെന്നും ഷീല ദീക്ഷിത് പറഞ്ഞു. എന്തായാലും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.

ബി ജെ പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന കോണ്‍ഗ്രസ് നയം ഡല്‍ഹിയിലും പ്രാവര്‍ത്തികമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്-എ എ പി സഖ്യം രൂപവത്കരിക്കുന്ന കാര്യത്തില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് എന്‍ സി പി നേതാവ് ശരദ് പവാറും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷീല ദീക്ഷിത് തന്റെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്.

എ എ പിയുമായി സഖ്യമുണ്ടാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഷീല ദീക്ഷിതിന്റെ കാഴ്ചപ്പാട്. പാര്‍ട്ടി പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാഴ്ത്താതെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും കത്തയച്ചിരുന്നു.