Connect with us

Kerala

കടത്തനാടന്‍ അങ്കത്തിന് കെ മുരളീധരന്‍

Published

|

Last Updated

കെ മുരളീധരന്‍

കോഴിക്കോട്: വടകരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ സ്ഥാനാര്‍ഥിയാകും. മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലും ഒന്ന് വടകരയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് അണികളുടെ വലിയ തോതിലുള്ള സന്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ ഐ സി സി നേതൃത്വും സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് മുതര്‍ന്ന ഒരു നേതാവിനെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടപെട്ടാണ് മുരളീധരനെ മത്സരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയത്. പാര്‍ട്ടിയുടെ ആവശ്യം മുരളീധരന്‍ അംഗീകരിച്ചതായാണ് വിവരം.

മുരളീധരനുമായി താന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം മികച്ച സ്ഥാനാര്‍ഥിയാണ്. മത്സരിക്കാന്‍ അദ്ദേഹം സമ്മതിച്ചിരിക്കുന്നു. അനായാസം വടകരയില്‍ ജയിച്ച് കയറാന്‍ മുരളിക്ക് കഴിയും. എന്നാല്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തുമെന്ന് ഇത് സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. എല്ലായിടത്തും മികച്ച സ്ഥാനാര്‍ഥിയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരായി ജനം വിധി എഴുതും. മുരളീധരന്‍ അനായാസ വിജയം കരസ്ഥമാക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല. വി എം സുധീരന്‍ തുടങ്ങിയവരോട് ചര്‍ച്ച ചെയ്താണ് മുരളീധരനെ മത്സരിപ്പിക്കുന്ന തീരുമാനത്തിലെത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിന് മാന്യമായ പരിഗണന പാര്‍ട്ടി നല്‍കും. അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവന മികച്ചതാണ്. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ പാര്‍ട്ടിയില്‍ ഒരു എതിര്‍പ്പുമില്ല. ഡി സി സി പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ ീരുമാനിച്ചതോടെ പി ജയരാജനെതിരെ വടകരയില്‍ മികച്ച പോരാട്ടം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.