Connect with us

Ongoing News

ന്യൂസിലാൻഡിലെ ഭീകരാക്രമണം; അൻസി ബാവയുടെ മൃതദേഹം നാളെ എത്തിയേക്കും

Published

|

Last Updated

അൻസിയയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാതാവ് നൽകിയ നിവേദനം പരിശോധിക്കുന്നു

കൊടുങ്ങല്ലൂർ/തൃശൂർ: ന്യൂസീലാൻഡിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസി ബാവ (23)യുടെ മൃതദേഹം നാളെ ഏറ്റു വാങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി.

ന്യൂസിലാൻഡിലെ ഇന്ത്യൻ എംബസി സെക്കൻഡ് കൗൺസിൽ സെക്രട്ടറി പരംജിത് സിംഗാണ് ഇത് സംബന്ധമായ വിവരം നൽകിയത്. മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തുമെന്ന രീതിയിൽ വന്ന വാർത്തകൾ സത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് പരംജിത് സിംഗിനാണ്. ഇന്നലെ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം വിവരങ്ങൾ നൽകിയത്.നാളെയോടെ മൃതദേഹങ്ങൾ ന്യൂസീലാൻഡ് പോലീസ് എംബസിക്ക് വിട്ടുനൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ന്യൂസീലാൻഡ് പോലീസിലെ കമ്മീഷണർ റാങ്കുള്ള ഉദ്യോഗസ്ഥൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ക്രിമിനൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിനാലാണ് ഇത്ര ദിവസങ്ങൾ വൈകുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹങ്ങൾ ബന്ധുക്കൾ ആവശ്യപ്പെടുന്ന വിമാനത്താവളങ്ങളിലേക്ക് എത്തിക്കുമെന്ന് പരംജിത് സിംഗ് അറിയിച്ചു. അതിനിടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊടുങ്ങല്ലൂരിലെ അൻസിയയുടെ വീട് സന്ദർശിച്ചു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിയതായി അദ്ദേഹം പറഞ്ഞു.

അൻസിയയുടെ കുടുംബത്തിന് ആശ്വാസം പകർന്ന അദ്ദേഹം കുടുംബത്തിനായി സഹായം എത്തിക്കുന്ന കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അറിയിച്ചു. മാളയിൽ സി പി എം ബൂത്ത് ഭാരവാഹികളുടെ റിപ്പോർട്ടിംഗ് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് കോടിയേരി ടി കെ എസ് പുരത്തെ അൻസിയുടെ വീട്ടിലെത്തിയത്. മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട നിവേദനം ഉമ്മ റസിയ കോടിയേരിക്ക് സമർപ്പിച്ചു. സർക്കാർ ഏറ്റവും അടിയന്തരമായ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞതായി കോടിയേരി കുടുംബത്തെ അറിയിച്ചു.

വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ, ചന്ദ്രൻ പിള്ള, അമ്പാടി വേണു, ഡേവിസ്, ആമ്പാടി വേണു, കെ ആർ ജൈത്രൻ എന്നിവരോടൊപ്പമാണ് കോടിയേരി അൻസിയുടെ വീട്ടിൽ എത്തിയത്.