ലൈംഗിക പീഡനം: മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ കേസില്‍ സഹ പ്രവര്‍ത്തക അറസ്റ്റില്‍

Posted on: March 19, 2019 12:13 am | Last updated: March 19, 2019 at 10:12 am

മുംബൈ: മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ കേസില്‍ സഹ പ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ അണ്‍ബൗണ്ട് മാസികയുടെ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായത്. രണ്ടു വര്‍ഷത്തോളമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മാഗസിന്റെ അസിസ്റ്റന്റ് എഡിറ്ററും 24കാരിയുമായ പെണ്‍കുട്ടി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്ന നിത്യാനന്ദ ഓഫീസില്‍ നിന്ന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിത്യാനന്ദയുടെ മൃതദേഹം ഭീവണ്ടിയിലെ പാലത്തിനടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വില്‍പനക്കുള്ള തന്റെ സ്വത്ത് കാണിക്കാനെന്നു പറഞ്ഞ് നിത്യാനന്ദയെ പാലത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു വരികയും മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടാളിയുടെ സഹായത്തോടെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ.