Connect with us

International

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തം

Published

|

Last Updated

സിഡ്‌നി: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ആസ്‌ത്രേലിയന്‍ സെനറ്റര്‍ ഫ്രെയ്‌സര്‍ ആനിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം. ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു കാരണം മുസ്‌ലിം കുടിയേറ്റമാണെന്ന് മെല്‍ബണില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഫ്രെയ്‌സര്‍
നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതില്‍ പ്രകോപിതനായി ഫ്രെയ്‌സറിന്റെ തലയില്‍ മുട്ടയെറിഞ്ഞ വില്‍ കൊണോല എന്ന കൗമാരക്കാരനെ മര്‍ദിച്ചതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സെനറ്ററുടെ പരാമര്‍ശത്തില്‍ ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഫ്രെയ്‌സറിന്റെ രാജി ആവശ്യപ്പെട്ട് 15 ലക്ഷം പേര്‍ ഒപ്പിട്ട പരാതി സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കൗമാരക്കാരനെ മര്‍ദിച്ച സെനറ്ററെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ക്വീന്‍സ് ലാന്‍ഡില്‍ നിന്നുള്ള വലതുപക്ഷ സ്വതന്ത്ര സെനറ്ററാണ് ഫ്രെയ്‌സര്‍.

സെനറ്ററുടെ തലയില്‍ മുട്ടയെറിഞ്ഞ കൊണോലിനെ പോലീസ് അറസറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം, കൊണോലിന്റെ പ്രതികരണ ശേഷിയെ പ്രശംസിച്ചും എഗ് ബോയ്, ഹീറോ ഓഫ് ദി വീക്ക് തുടങ്ങിയ പരിവേഷങ്ങള്‍ നല്‍കിയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളുടെ പ്രളയമാണ്.