Connect with us

Book Review

ജനഹൃദയങ്ങളിലെ രണഭേരി

Published

|

Last Updated

ഇ എം എസ്: മകളുടെ ഓർമകൾ – ഇ എം രാധ

“ഇ എം എസ് എന്തെഴുതിയാലും ഇ എം എസിനെ കുറിച്ച് ആര് എന്തെഴുതിയാലും ചൂടപ്പം പോലെ ചെലവാകു”മെന്ന് ഒരു പ്രമുഖ മലയാള ദിനപത്രം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരിയാണത്. ഇ എം എസ് വിടവാങ്ങിയിട്ട് മാർച്ച് 19ന് 21 വർഷം തികയുകയാണ്. ഇന്നും ഇ എം എസിനെ പറ്റി ആര് എന്തെഴുതിയാലും ശ്രദ്ധിക്കപ്പെടും. ഒരു യുഗപുരുഷന് മാത്രം സാധ്യമാകുന്ന ശക്തിവിശേഷം!

പ്രതിവർഷം അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിച്ചിരുന്ന, പതിനയ്യായിരം രൂപ നികുതിയായി സർക്കാറിന് നൽകിയിരുന്ന ജന്മികുടുംബത്തിലെ അംഗമായിരുന്നു ഇ എം എസ്. കേവലം ആറ് സെന്റ് വസ്തു മാത്രം തനിക്ക് അവശേഷിപ്പിക്കും വിധമുള്ള രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. മകൾ ഇ എം രാധ എഴുതുന്നു: “രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ മക്കളായ ഞങ്ങൾ പല ദൈനംദിന ആവശ്യങ്ങളും പണമില്ലാത്തതിനാൽ വേണ്ടെന്നു വെച്ചിട്ടുണ്ട്. ഞങ്ങൾക്കു മാത്രമെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുമുണ്ട്, പലപ്പോഴും.” “കോട്ടൺഹിൽ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ മുഖ്യമന്ത്രിയായ ഇ എം എസിന്റെ മകളാണ്. മന്ത്രിമാരുടെ മക്കൾ സ്റ്റേറ്റ് കാറിൽ സ്‌കൂളിലെത്തുമ്പോൾ നടന്നു സ്‌കൂളിൽ പോകുന്നതിന്റെ സ്വകാര്യ ആനന്ദം ആരുമറിയാതെ അനുഭവിക്കുന്നുണ്ടായിരുന്നു. അധ്യാപകരും സഹപാഠികളും അതു ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ല. വിലകൂടിയ ഉടുപ്പ് വേണമെന്നോ ആഭരണം വേണമെന്നോ എനിക്കാഗ്രഹമുണ്ടായിരുന്നില്ല. ശീട്ടിത്തുണി കൊണ്ടുള്ള ഒരു ജോഡി പാവാടയും ബ്ലൗസും കൊണ്ട് ഞാൻ തൃപ്തയായിരുന്നു. എന്നുമുതലാണ് എനിക്ക് ആഗ്രഹങ്ങൾ ഇല്ലാതായതെന്ന് ഓർക്കാനാകുന്നില്ല. അമ്മക്കും ഞങ്ങൾ മക്കൾക്കും അച്ഛൻ തന്ന വരദാനം അതായിരുന്നില്ലേ? ദുഃഖം കടിച്ചമർത്തുന്ന, അതുപോലെ മോഹവും ഉള്ളിലൊതുക്കാൻ, അച്ഛനല്ലേ ഞങ്ങളെ ശീലിപ്പിച്ചത്? പറഞ്ഞുതരാതെ മൗനത്തിന്റെ ശക്തിസൗന്ദര്യത്തിലൂടെ. ഞങ്ങളിലെ സാധനാപാഠവും അതായിരുന്നു.”

സമഗ്രവും ആധികാരികവുമാണ് ഇ എം എസിന്റെ ആത്മകഥ. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ ഗ്രന്ഥവുമാണത്. ഭ്രാന്താലയമായിരുന്ന കേരളം എങ്ങനെ മനുഷ്യാലയമായെന്ന് വ്യക്തമാക്കുന്ന ചരിത്രഗ്രന്ഥം കൂടിയാണത്. പക്ഷേ, ഇ എം എസിൽ അന്തർലീനമായ അതിവിനയവും നിർമമതയും കാരണം, തന്റെ ജീവിതത്തിലെ പൊതുജന താത്പര്യമുള്ള പലകാര്യങ്ങളും ആത്മകഥയിൽ സൂചിപ്പിച്ചിട്ടു പോലുമില്ല. ഈയൊരു ന്യൂനത പലപ്പോഴും പലരും ചൂണ്ടിക്കാണിച്ചിരുന്നു. അപ്പുക്കുട്ടൻ വള്ളിക്കുന്ന് രചിച്ച “അറിയപ്പെടാത്ത ഇ എം എസ്” എന്ന ഗ്രന്ഥം പ്രസ്തുത പരാതിക്ക് ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. എന്നാൽ, ഈ പുസ്തകവും രാഷ്ട്രീയ മേഖലയിലെ സംഭവങ്ങൾക്കാണ് പ്രാമുഖ്യം നൽകിയത്.

കുടുംബാംഗങ്ങളുമൊത്തുള്ള ഇ എം എസിന്റെ ജീവിതത്തിലെ സംഭവവികാസങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന ഗ്രന്ഥമാണ്, “ഇ എം എസ്: മകളുടെ ഓർമകൾ”. ഇ എം എസിന്റെ രണ്ടാമത്തെ മകൾ ഇ എം രാധയാണ് ഗ്രന്ഥരചന നിർവഹിച്ചത്. “രാധ കൊച്ചുകുട്ടിയാകുമ്പോൾ, പിതാവുമൊന്നിച്ച് ഏലംകുളം മനയിലേക്ക് പോകാൻ വേണ്ടി നിറഞ്ഞൊഴുകുന്ന കുന്തിപ്പുഴയിലൂടെ നടത്തിയ തോണി യാത്ര, ഇ എം എസും ജ്യേഷ്ഠനും കൂടി പെരിന്തൽമണ്ണ സ്‌കൂളിൽ പോകാനുള്ള സൗകര്യത്തിനായി ഓടിച്ചിരുന്ന കുതിരവണ്ടി, ആ വണ്ടിയുടെ കുതിരയെ കെട്ടിയിരുന്ന മുറ്റത്തെ തെങ്ങിന്റെ മുരട് കുതിര കടിച്ചു കടിച്ച് തോല് പോയിരിക്ക്യാണ്, അതിപ്പളുണ്ടവിടെ (പേജ് 308)” എന്നുതുടങ്ങിയ സൂക്ഷ്മാംശങ്ങളൊന്നും രാധ വിട്ടുകളഞ്ഞിട്ടില്ല. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന, പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന, ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഈ വിശ്വപൗരന്റെ അന്ത്യനിമിഷം വരെയുള്ള കർമകാണ്ഡം ഒരു സ്മരണാ നദിയായി പ്രവഹിക്കുകയാണ്, ഗ്രന്ഥത്തിലൂടെ. അതിൽ പിതൃഭക്തിയുടെ വിധേയത്വമില്ല. എന്നാൽ പിതൃസ്‌നേഹത്തിന്റെ ആർദ്രഭാവമുണ്ടുതാനും.
രാധ എഴുതാൻ വിട്ടുപോയ ധാരാളം കാര്യങ്ങൾ ഇനിയുമുണ്ട്.

ഒരു ഉദാഹരണം പറയട്ടെ: ഇ എം എസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ ഒരു പത്രസമ്മേളനത്തിനിടെ, ഒരു വിദേശ പത്രപ്രതിനിധി ചോദിച്ചു: “താങ്കൾക്ക് വിക്ക് എല്ലായ്‌പ്പോഴുമുണ്ടോ?” ഉടനെ വന്നു മറുപടി: “ഇല്ല സംസാരിക്കുമ്പോൾ മാത്രം.” മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇ എം എസിന്റെ പ്രത്യുത്പന്നമതിത്വം (Ready Made Wit) നിയമസഭാംഗങ്ങൾക്ക് പലപ്പോഴും അനുഭവവേദ്യമായിട്ടുണ്ട്. പല പത്രപ്രതിനിധികൾക്കും ഇവ ഓർമയുണ്ടാകും. ഒരിക്കൽ, ഇന്ദിരാ ഗാന്ധി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, സന്ദർശന മുറിയിൽ യാദൃച്ഛികമായി, ഇ എം എസിനെ കണ്ടുമുട്ടി. ഉടനെ ഇന്ദിരയുടെ കമന്റ്: “യൂ ആർ ഫീലിംഗ് സൊ ടയേഡ്” (താങ്കൾ വളരെയധികം ക്ഷീണിച്ചതായി തോന്നുന്നു) ഉടനെ ഇ എം എസിന്റെ മറുപടി ഇങ്ങനെ: “ഇറ്റീസ് ഓൺലി ടെമ്പററി” (ഇത് താത്കാലികം മാത്രം) ഇന്ദിര ഉദ്ദേശിച്ചത്, വ്യക്തിപരമാണോ രാഷ്ട്രീയമാണോ എന്നറിയില്ല. ഏതായാലും ഇ എം എസിന്റെ മറുപടി രണ്ടർഥത്തിലും യോജ്യം!
ചിന്തയും എഴുത്തും പ്രസംഗവും വഴിയായി പാർട്ടിയെ ആശയപരമായി ആയുധമണിയിക്കുക എന്നതായിരുന്നല്ലോ ഇ എം എസിന്റെ ദൗത്യം. കേരളം എങ്ങനെ ചിന്തിക്കണമെന്നും ഏത് പന്ഥാവിലൂടെ ചരിക്കണമെന്നും സാമാന്യജനത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ച ആ ധിഷണാശാലി, ജീവൽ സാഹിത്യശാഖക്കും മാർഗദർശിയായിരുന്നു. ഇ എം എസ് എഴുതി പൂർത്തിയാക്കിയതും അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളുടെ ശേഖരവും മാത്രം സഞ്ചിത കൃതിയാകുമ്പോൾ നൂറ് വാള്യങ്ങളിൽ ഒതുക്കാൻ ആകുമോ എന്നത് സംശയമാണ്.

നവതിയിലെത്താൻ ഒരു വർഷം ബാക്കിനിൽക്കെയാണ് ഇ എം എസ് എന്ന വടവൃക്ഷം കടപുഴകി വീണത്. ആ ശൂന്യത നികത്താൻ ഒരുപക്ഷേ വരും കാലങ്ങൾക്ക് കഴിഞ്ഞേക്കാമെന്ന് മകൾ ആശ്വസിക്കുന്നു. കാലത്തിന്റെ കരവിരുതുകളോർക്കുമ്പോൾ, അത് അസംഭവ്യമെന്ന് കരുതുക വയ്യ. സ്മര്യപുരുഷൻ സമൂഹത്തിന് നൽകിയ സന്ദേശമെന്താണ്? ഉത്തരം രാധ തന്നെ പറയട്ടെ, “നേടുന്നതിലല്ല, ത്യജിക്കുകയും സഹിക്കുകയും ചെയ്യുന്നതിലാണ് മഹത്വം എന്ന് അച്ഛൻ സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചു. അതാണ് അച്ഛൻ സ്വന്തം സഖാക്കൾക്കും സമൂഹത്തിനും നൽകിയ ജീവിതസന്ദേശം. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ, സുഖദുഃഖങ്ങൾ, നഷ്ട മോഹങ്ങൾ ഇതൊന്നും ബഹുജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ വ്യക്തിപരമായി തന്നെയും തന്റെ കുടുംബത്തെയും ബാധിക്കരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. ആ സരണിയിലാണ് എന്റെ, ഞങ്ങളുടെ പ്രയാണം. ഈ സന്ദേശം ഞങ്ങളുടെ വരുംതലമുറകൾ ഏറ്റെടുക്കുമെന്ന് എനിക്കുറപ്പുണ്ട്; കൈപ്പന്തംപോലെ.”

ഇ എം എസിന്റെ ചിന്താധാവള്യം, കുശാഗ്രബുദ്ധി, കർമകുശലത, സർവോപരി ആർദ്ര ഹൃദയം ഇതെല്ലാം അതിഭാവുകത്വത്തിന്റെ തൊങ്ങലുകളില്ലാതെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാൻ രാധക്ക് സാധിച്ചിരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ഇ എം എസ് സ്മരണ രണഭേരിയായി ജനഹൃദയങ്ങളിൽ മുഴങ്ങും. മനോരമ ബുക്‌സ്, കോട്ടയം ആണ് പ്രസാധകർ. വില: 180

 

ടി ആർ തിരുവഴാംകുന്ന്

Trthiruvazhamkunnu@gmail.com

---- facebook comment plugin here -----

Latest