Connect with us

Editorial

എവിടെ മുസ്‌ലിം, ദളിത് വോട്ടുകള്‍?

Published

|

Last Updated

ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഐ ടി വിദഗ്ധന്‍ ഖാലിദ് സെയ്ഫുല്ല പുറത്തുവിട്ട വിവരങ്ങള്‍. രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 14.2 ശതമാനവും മുസ്‌ലിം വോട്ടര്‍മാരില്‍ 25 ശതമാനവും ദളിതരില്‍ 20 ശതമാനവും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താണെന്നാണ് മിസ്സിംഗ് വോട്ടര്‍ ആപ്പിന്റെ ഉപജ്ഞാതാവും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേ ലാബ്‌സിന്റെ സ്ഥാപകനുമായ ഖാലിദ് സൈഫുല്ല കണ്ടെത്തിയത്. ഇതനുസരിച്ച് രാജ്യത്തെ 12.7 കോടി വരുന്ന മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന് കോടി പേര്‍ക്കും 20 കോടി വരുന്ന ദളിത് വോട്ടര്‍മാരില്‍ നാല് കോടി പേര്‍ക്കും ആസന്നമായ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല.
2014ലെ പാര്‍ലിമെന്റ്‌തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വോട്ടര്‍പ്പട്ടികയില്‍ നിരവധി മുസ്‌ലിം പേരുകള്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സൈഫുല്ല ആദ്യമായി ഇക്കാര്യം ശ്രദ്ധിച്ചത്.

ഇതിന്റെ നിജസ്ഥിതി അറിയാനായി അദ്ദേഹം ആദ്യമായി ഗുജറാത്തിലെ വോട്ടര്‍പട്ടിക വിശദമായി പഠിച്ചപ്പോള്‍ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടര്‍പട്ടികയില്‍ ആയിരക്കണക്കിനു മുസ്‌ലിം വോട്ടര്‍മാരുടെ പേരില്ലെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ രാജ്യത്തെ മൊത്തം മിസ്സിംഗ് വോട്ടുകളുടെ കണക്ക് കണ്ടെത്താന്‍ സൈഫുല്ല തീരുമാനിക്കുകുയം ഇതിനായി മിസ്സിംഗ് വോട്ടര്‍ ആപ്പ് നിര്‍മിക്കുകയും ചെയ്തു. ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഓരോ മണ്ഡലത്തിലെയും എല്ലാ തെരുവുകളും വീടുകളും അവിടങ്ങളിലെ വോട്ടര്‍മാരുടെ എണ്ണവുമെല്ലാം ലഭ്യമാണ്. ഇതുവെച്ച് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തവരുടെ പേരുകള്‍ കണ്ടെത്താനാകും. രാജ്യത്തെ 800 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ കണക്കെടുപ്പില്‍ 1.6 കോടിയുടെ വോട്ടര്‍മാര്‍ അപ്രത്യക്ഷമായതില്‍ ഏകദേശം 40 ലക്ഷത്തോളം മുസ്‌ലിംകളാണെന്നും ഈ ആപ്പ് വഴി മനസ്സിലാക്കാനായി.
യാദൃച്ഛികമായോ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വോട്ടര്‍മാര്‍ കാണിച്ച അശ്രദ്ധ കൊണ്ടോ സംഭവിച്ചതല്ല മുസ്‌ലിം വോട്ടര്‍മാരുടെ വന്‍തോതിലുള്ള ചോര്‍ച്ച; മുസ്‌ലിംവിരുദ്ധ രാഷ്ട്രീയക്കാരുടെ ആസൂത്രിതമായ നീക്കമാണ് ഇതിനു പിന്നിലെന്നാണ് വിശദമായ പഠനത്തില്‍ മനസ്സിലാക്കാനാകുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 16 അസംബ്ലി മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചത്.

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് ഇവിടങ്ങളില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുമില്ല. ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. ഉത്തര്‍പ്രദേശില്‍ നാല് വോട്ടര്‍മാരുള്ള പല മുസ്‌ലിം കുടുംബങ്ങളിലും മൂന്ന് പേര്‍ മാത്രമേ വോട്ടര്‍ പട്ടികയിലുള്ളൂ. നാലാമത്തെ ആളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്ന് കാണാതാകുകയോ ഒഴിവാക്കിയതോ ആകാമെന്ന് ഹിന്ദു ഫ്രണ്ട്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും മുസ്‌ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ ചോര്‍ച്ച കണ്ടെത്തി.

അസമിലും സംഭവിച്ചത് ഇതാണല്ലോ. 1985ല്‍ എ ജി പി സര്‍ക്കാര്‍ തയ്യാറാക്കിയ പൗരത്വ രജിസ്റ്ററിയില്‍ 3.7 ലക്ഷം വോട്ടര്‍മാര്‍ മാത്രമായിരുന്നു വ്യാജമെന്ന് മുദ്രകുത്തപ്പെട്ടത്. എന്നാല്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അത് 40 ലക്ഷം ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരായ 40 ലക്ഷം പൗരന്മാരെ- അസം മുസ്‌ലിംകളെ- റോഹിംഗ്യകളെ പോലെ വിദേശികളും അഭയാര്‍ഥികളുമാക്കി മാറ്റി ദേശീയ പൗരത്വ രജിസ്റ്ററി തയാറാക്കുകയായിരുന്നു ഫാസിസ്റ്റ് ഭരണകൂടം. അതേസമയം കുടിയേറിയ ഇസ്‌ലാമേതരര്‍ക്ക് ഇന്ത്യന്‍ പൗരത്വം വെച്ചു നീട്ടുകയും ചെയ്യുന്നു. അസമിലെ 14 മണ്ഡലങ്ങളില്‍ ആറിലും നിര്‍ണായക മുസ്‌ലിം സ്വാധീനമുണ്ട്. 35 ശതമാനം വോട്ടര്‍മാര്‍ മുസ്‌ലിംകളാണ്.

തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രബല സമുദായമാണ് രാജ്യത്തെ മുസ്‌ലിംകള്‍. 2011ലെ സെന്‍സസ് അനുസരിച്ചു 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 213 എണ്ണത്തില്‍ മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയാണ്. 165 മണ്ഡലങ്ങളില്‍ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നത് മുസ്‌ലിം വോട്ടര്‍മാരാണ്. സെന്‍സസ് പ്രകാരം 20 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ മൊത്തം 80 മണ്ഡലങ്ങളില്‍ 54 എണ്ണത്തിലും, പശ്ചിമബംഗാളിലെ 42 മണ്ഡലങ്ങളില്‍ 28ലും, കര്‍ണാടകത്തിലെ 28ല്‍ 15ലും മുസ്‌ലിം വോട്ടുകളാണ് ജയാപജയം തീരുമാനിക്കുക. കേരളത്തിലെ 20ല്‍ 14ലും മുസ്‌ലിംകള്‍ സ്വാധീനശക്തിയാണ്. 48 സീറ്റുള്ള മഹാരാഷ്ട്രയില്‍ 13ലും ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും 42ല്‍ 12ലും ഗുജറാത്തിലെയും രാജസ്ഥാനിലെയും ആറ് വീതം മണ്ഡലങ്ങളിലും മുസ്‌ലിംകള്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണ.് ഇത്തരം മണ്ഡലങ്ങളില്‍ പ്രമുഖ കക്ഷികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കുറഞ്ഞ വോട്ടിനാണ് വിജയിക്കാറുള്ളത്. മുസ്‌ലിം വോട്ടര്‍മാര്‍ ജായപജയം തീരുമാനിക്കുന്ന ഈ മണ്ഡലങ്ങളില്‍ കുറേ മുസ്‌ലിം വോട്ടര്‍മാരെ മാറ്റിനിര്‍ത്താനായാല്‍ അത് ഗുണം ചെയ്യുന്ന കക്ഷികളുണ്ട്. രാജ്യത്തുടനീളമുള്ള ദളിത്, ആദിവാസി,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ വികാരം ശക്തമാണെന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഈയിടെയും നടത്തിയ പല സര്‍വേകളിലും കണ്ടെത്തിയതുമാണ്.ഭരണ സ്വാധീനം കൂടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു വോട്ടര്‍പട്ടികയില്‍ തിരിമറി നടത്താന്‍ അത്തരക്കാര്‍ക്ക് പ്രയാസമില്ല. വോട്ടിംഗ് യന്ത്രങ്ങളില്‍ വരെ കൃത്രിമം കാണിച്ചു തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതായി ആരോപിക്കുന്ന രാഷ്ട്രീയ സാഹചര്യമാണല്ലോ രാജ്യത്തുള്ളത്. വോട്ടര്‍ പട്ടികയിലെ മുസ്‌ലിം, ദളിത് വോട്ടുകളില്‍ കാണപ്പെടുന്ന ഗണ്യമായ ചോര്‍ച്ചയെ കുറിച്ച് സമഗ്രമായ പഠനവും അന്വേഷണവും ആവശ്യമാണ്.

Latest