ഹിമാചലിൽ നൂറ് വയസ്സ് കടന്ന ആയിരത്തിലേറെ വോട്ടർമാർ

  Posted on: March 17, 2019 2:19 pm | Last updated: March 17, 2019 at 2:21 pm
  ശ്യാം ശരൺ നേഗി

  ഷിംല: മുതിർന്ന പൗരന്മാർക്ക് ഏറ്റവും അധികം ആദരം കിട്ടുന്ന ദിവസം ഏതെന്ന് ചോദിച്ചാൽ, വോട്ടെടുപ്പ് ദിവസം എന്ന് തമാശയായി പറയാറുണ്ട്. നടക്കാൻ വയ്യെങ്കിലും ഈ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ രാഷ്ട്രീയ കക്ഷികളുടെ മത്സരമായിരിക്കും. ചുമലിൽ താങ്ങിയും കസേരയോടെ എടുത്തും വാഹനമയച്ചും വൃദ്ധരെയും കിടപ്പിലായവരെയും ബൂത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അന്ന് മാധ്യമങ്ങളിൽ നിറയും.

  ഇതൊക്കെ സാധാരണ കാഴ്ച. അങ്ങ് ഹിമാചൽ പ്രദേശിലെത്തുമ്പോൾ കാര്യങ്ങൾ ഒന്നുകൂടി മാറുകയാണ്. മുതിർന്ന പൗരന്മാരെ പരമാവധി പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഒരു ഉപായം പ്രയോഗിച്ചു. കേവലം വൃദ്ധരെയല്ല, നൂറ് വയസ്സിന് മുകളിലുള്ള 68 പേരെ കമ്മീഷൻ ബ്രാൻഡ് അംബാസിഡർമാരാക്കി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 51,59,000 വോട്ടർമാരിൽ 1,011 പേർ നൂറ് വയസ്സ് കഴിഞ്ഞവരാണെന്ന തിരിച്ചറിവിൽ നിന്നാണിത്. ഹാമിർപൂർ- 125, മാണ്ടി-122, ഉന-103, ബിലാസ്പൂർ-85, ഷിംല-75, ചംബ-73, സിർമൗർ-53, സോളൻ-41, കുളു-25, കിന്നൗർ-6 എന്നിങ്ങനെയാണ് സംസ്ഥാനത്തെ 100 വയസ്സ് കഴിഞ്ഞ വോട്ടർമാരുടെ എണ്ണം.

  ബ്രാൻഡ് അംബാസിഡർ പരീക്ഷണം ഇതിന് മുമ്പും സംസ്ഥാനത്ത് നടത്തിയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടർമാരിൽ ഒരാളായ ശ്യാം ശരൺ നേഗിയെയാണ് ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്. 1951 ഒക്ടോബറിൽ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ കിന്നൗർ ജില്ലയിൽ വോട്ട് ചെയ്തിട്ടുണ്ട് നേഗി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 16 തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ 13 തവണയും വോട്ട് ചെയ്ത നേഗിയെ 2010ൽ അന്നത്തെ ചീഫ് ഇലക്്ഷൻ കമ്മീഷണർ നവീൻ ചൗള കിന്നൗറിലെത്തി ആദരിക്കുകയും ചെയ്തിരുന്നു.

  ഇത്തവണ ആരോഗ്യം മോശമായ നേഗിക്ക് കൽപയിൽ വോട്ട് ചെയ്യാനായി പ്രത്യേക വാഹനം ഒരുക്കുമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായാധിക്യം കണക്കിലെടുത്ത് ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് ഇത്തവണ നേഗിയെ ഒഴിവാക്കിയിട്ടുണ്ട്. പകരം, 68 പേരാണ് സെഞ്ചൂറിയന്മാരായി ഈ പട്ടികയിൽ ഇടം പിടിച്ചത്.