ഐ എസ് എല്ലില്‍ ഇന്ന് സൂപ്പര്‍ ഫൈനല്‍

Posted on: March 17, 2019 1:34 pm | Last updated: March 17, 2019 at 5:07 pm
ബെംഗളുരു ടീം പരിശീലനത്തില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ പുതിയ ജേതാവിനെ ഇന്നറിയാം. ബെംഗളുരു എഫ് സിയും എഫ് സി ഗോവയും തമ്മിലാണ് ഫൈനല്‍ പോരാട്ടം. തുടരെ രണ്ടാം വര്‍ഷവും കലാശക്കളിക്ക് യോഗ്യത നേടിയ ബെംഗളുരു എഫ് സി സീസണില്‍ മികച്ച ഫോമിലാണ്. ലീഗ് റൗണ്ടില്‍ 34 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബെംഗളുരു സെമിഫൈനലിലാണ് അവരുടെ ക്ലാസ് അറിയിച്ചത്. ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് 2-1ന് തോറ്റ ബെംഗളുരു രണ്ടാം പാദം 3-0ന് ജയിച്ച് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത് ത്രില്ലടിപ്പിക്കുന്ന കളിയിലൂടെ. ഇത് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. എഫ് സി ഗോവ ആദ്യപാദ സെമിയില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 5-1നാണ് മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തത്. രണ്ടാം പാദം 1-0ന് തോറ്റു. 2015 ലെ റണ്ണേഴ്‌സപ്പായ ഗോവ ഇത്തവണ ഫൈനല്‍ വീഴ്ച ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കില്‍ ബെംഗളുരു എഫ് സിക്ക് കഴിഞ്ഞ തവണ കൈവിട്ടു പോയ കന്നിക്കിരീടം ഇത്തവണ പിടിച്ചെടുക്കണം. രണ്ട് ക്ലബ്ബുകളുടെയും കിരീട മോഹം തകര്‍ത്തത് ചെന്നൈയിന്‍ എഫ് സി ആണെന്ന യാദൃച്ഛിക സമാനതയുണ്ട്.

ഐ എസ് എല്ലില്‍ നാല് തവണയാണ് ബെംഗളുരു-ഗോവ പോരാട്ടം വന്നത്. മൂന്ന് കളികള്‍ ജയിച്ച് ബെംഗളുരുവിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഗോവയുടെ ഏക ജയം കഴിഞ്ഞ സീസണിലെ ത്രില്ലറിലായിരുന്നു. 4-3 നായിരുന്നു ജയം. അന്നത്തെ മത്സരത്തില്‍ ബെംഗളുരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ദുവിന് ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.
എഫ് സി ഗോവ ഇത്തവണ ഗോളടിച്ച് കൂട്ടിയത് സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിനാസിന്റെ മിടുക്കിലാണ്. പതിനാറ് ഗോളുകള്‍ നേടിയ മുപ്പത്താറുകാരനാണ് ഐ എസ് എല്ലില്‍ ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ളത്. തുടരെ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനരികിലാണ് ഫെറാന്‍. ഗോളടിയില്‍ മാത്രമല്ല ഗോളടിപ്പിക്കുന്നതിലും മിടുക്കുണ്ട് ഫെറാന്. ഏഴ് അസിസ്റ്റുകളാണ് നടത്തിയത്. മുന്നേറ്റ നിരയില്‍ ഏഴ് ഗോളുകള്‍ നേടിയ എഡു ബെദിയയാണ് ഫെറാന് കൂട്ടായുള്ളത്.

മധ്യനിരയിലാണ് ഗോവയുടെ കരുത്ത്. മൊറോക്കോയുടെ ഹ്യുഗോ ബൗമോസ്, മണിപ്പൂരി താരം ജാക്കിചന്ദ് സിംഗ് എന്നിവര്‍ എണ്ണയിട്ട യന്ത്രം പോലെ ഓടിക്കളിക്കുന്നു. അഞ്ച് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്ത ഹ്യുഗോ അപകടകാരിയാണ്. ഇവര്‍ക്കൊപ്പം ബ്രന്‍ഡന്‍ ഫെര്‍നാണ്ടസ്, സെയ്ദ് ക്രൗച്, മന്ദര്‍ റാവു ദേശായ് എന്നിവരും ചേരുന്നതോടെ ബെംഗലുരു പ്രതിരോധ നിരക്ക് സമ്മര്‍ദ്ദമേറും. മുര്‍താഡ ഫാള്‍, മുഹമ്മദ് അലി, കാര്‍ലോസ് പെന, സെറിടന്‍ ഫെര്‍നാണ്ടസ്, ലാല്‍മാന്‍ഹിയ എന്നിവരാണ് ഗോവയുടെ പ്രതിരോധ നിരയില്‍. ഗോള്‍വല കാക്കാന്‍ ലക്ഷ്മികാന്ത് കട്ടിമണിയും നവീന്‍ കുമാറും തികഞ്ഞ ഫോമിലാണ്. ഫൈനലില്‍ ആര്‍ക്ക് നറുക്ക് വീഴും എന്ന് വ്യക്തമല്ല.
ഗോവന്‍ ടീമിന്റെ മികവ് വിദേശകളിക്കാരുടെ തിളക്കത്തിലാണ്. ബെംഗളുരു നേരെ തിരിച്ചാണ്. ഇന്ത്യന്‍ താരങ്ങളാണ് ടീമിന്റെ കരുത്ത്.

മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മിക്കുവും സുനില്‍ ഛേത്രിയും ബെംഗളുരുവിന്റെ തുറുപ്പ് ചീട്ടുകളാണ്. ഒമ്പത് ഗോളുകളാണ് ഛേത്രി ഇതുവരെ നേടിയത്. മിക്കു അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്. ബെംഗളുരു കോച്ച് കാള്‍സ് സ്യുഡ്രാറ്റ് ഇവരിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
കാരണം, ഗോവന്‍ മധ്യനിര കടന്ന് പന്ത് ബോക്‌സിലെത്തിയാല്‍ ഇവരുടെ ഫിനിഷിംഗാണ് നിര്‍ണായകമാവുക. സെമിഫൈനലില്‍ ബെംഗളുരുവിന് തിരിച്ചുവരവൊരുക്കിയ സൂപ്പര്‍ താരം ഉദാന്ത സിംഗാണ്. വിംഗില്‍ ഉദാന്ത നടത്തുന്ന മിന്നല്‍വേഗത്തിലുള്ള നീക്കങ്ങള്‍ ഗംഭീരമാണ്. അഞ്ച് ഗോളുകളും ഉദാന്ത നേടിയിട്ടുണ്ട്. മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലും ശക്തരായ താരനിരയുണ്ട്. ഗോള്‍ വല കാക്കുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഗുര്‍പ്രീത് സിംഗ് ആണ്.
സീസണില്‍ 59 സേവുകളാണ് ഗുര്‍പ്രീത് നടത്തിയത്. ഫൈനലില്‍ ക്ലീന്‍ ഷീറ്റ് പ്രകടനമാകും ബെംഗളുരു ഗോളി ലക്ഷ്യമിടുന്നത്. എന്നാല്‍, ഗോവയുടെ സ്‌കോറിംഗ് കപ്പാസിറ്റി ഫൈനലില്‍ ഗുര്‍പ്രീതിന് വെല്ലുവളിയാകും..